എന്നുടെ പ്രിയജനനി!

 

  (വൃത്തം-അന്നനട)

 

ഉദരത്തിൽ  കുഞ്ഞു  പിറന്നാൽ സ്ത്രീ നൂൽക്കും 

പ്രസുസ്ഥാനത്തിന്റെ സുവർണ്ണനൂലിഴ.

മനസ്സുസ്വപ്നത്തിൻ കവാടം തുറക്കും.

അനേകമാശകൾ വരിയായി വരും.

 

കുറുമ്പർ മക്കൾതൻ   തനു എൻ  മാതാവു,   

ചുറക്കോടെ നിത്യം  തലോടി, ഗർവ്വോടെ.

ഹൃദയത്തിൽ   തിരി  തെളിച്ചു,  സ്തുതികൾ

സുതർക്കായ് മന്ത്രിച്ചു   പവിത്രമായ് സദാ.

 

തനൂജർ ചവിട്ടുമുയർന്ന ഗോവണി,    

ജനനിയിൽപ്പെയ്തു  പ്രമദക്കണ്ണീരായ് .

സുതരിലൊഴുക്കാൻ  വരും  കാലങ്ങളിൽ,        

സുഖത്തിന്നാറുകൾ   ശുപാർശ   ശൗരിയിൽ.

 

പിതാവിൻ  പ്രാമാണ്യം കുറച്ചുകാട്ടാതെ

പതിവായ് പുത്രർക്കു  പ്രധാനതയേകി.

ഗുണപാഠപാത്രം തുറന്നങ്ങൊഴുക്കീ,

അണുപോലും തെറ്റാതനേകമൂല്യങ്ങൾ.

 

സുതർതന്നിംഗിതം  നടപ്പിൽ വരുത്താൻ 

പതിവായ്  സ്വകാര്യം പ്രസു മറന്നുപോയ്.

മുതിർന്നു മക്കളും ചിറകും  വിരിച്ചു

അതിർത്തി കടന്നു പറന്നുപോയവർ.

 

വലനെയ്തു പ്രായം പ്രസുവിൻ ചുറ്റുമായ്,

വലിയസങ്കടം ജനയിത്രിപെട്ടു.

കടുത്തവേദന   കുഴൽ വരിഞ്ഞമ്മെ,

കിടക്കയിൽ പ്രസു ശയിച്ചു ശോച്യമായ്.  

 

കയറുന്നു  സൂചി ഒഴുകുന്നു നൃണം

കരത്തിൽ വിലങ്ങായ് കുഴലും സൂചിയും.

 ജനനി  വല്ലായ്മക്കടിമയായ് ത്തീർന്നൂ,

അനന്തമായ് ശ്വാസം പറന്നുപോയി ഹാ!

 

അണിചേർന്നുവന്നു സ്മരണനോവുമായ്

മനം സഹിച്ചില്ല  മഴപ്പെയ്ത്തായ് മിഴി.

വിളങ്ങട്ടെ മാതാ വിഹായസ്സിൽനിത്യം

തിളങ്ങുംതാരമായ് സുതർക്കു വന്ദിക്കാൻ.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!