നാലുപുത്രിമാർ!
(മാവേലി) ഭൂമിയിലാണ്ടിന്നു നാലുമക്കൾ, ആമോദപൂർവ്വം വസിപ്പതുണ്ടേ. ആസ്ഥയേറെക്കാട്ടി പാർത്തലത്തെ സ്വസ്ഥമായ് പോറ്റുന്നു വർഷമക്കൾ. മൂത്തവൾ, വാസന്തി ശൃംഗാരിയായ്, ഉത്തമവേഷത്തിലായ് ലസിപ്പൂ. നാനാവർണ്ണത്തിൽ കൊരുത്തമാല്യം മാനമായ്പ്പെണ്ണു ശിരസ്സിൽ വയ്പ്പൂ. ഗൗരവം കാട്ടിടും രണ്ടാം പുത്രി ഗ്രീഷ്മയെന്നവൾക്കു നല്ലനാമം. താരിൻ ഫലങ്ങളെ പക്വമാക്കും പാരിനായ് ഭക്ഷം പചിക്കുമവൾ. കോപംവന്നാലവൾ നീർസംഭാരം താപത്താൽ മൊത്തമായ് സേവിച്ചീടും. ദാഹനീരും തേടി പ്രാണി പായും, മോഹിച്ചാലുമില്ലയിറ്റുവെള്ളം. വാരിദസൂനു, വർഷ നഭസ്സിൽ, താരാപഥത്തേരിൽ നിൽപ്പൂ ഗർവ്വായ്. താഴോട്ടു പോരാനുദ്ദേശമില്ലാ താഴത്തെ കഷ്ടം കണ്ടില്ല വർഷം. പൃഥ്വിയും മക്കളും കൈകൾ കൂപ്പി പ്രാർത്ഥനചെയ്യുന്നു കൊണ്ടലോടായ്, “ഒന്നു കനിയൂ നീ നീരദമേ! ഞങ്ങൽക്കായ് തണ്ണീരിൻ തേനൊഴുക്കൂ.” അർത്ഥിക്കും ഭൂമിയെയുറ്റുനോക്കി അംബുദമുയർത്തീയണക്കെട്ടും. ആകാശയാറിതാ കുത്തൊഴുക്കിൽ ആരേയും കോരിയെടുക്കാൻ തയ്യാർ. മാരിപ്പെണ്ണിനെ പറഞ്ഞുവിട്ടു, ധാത്രിപ്രസുപോകും ശീതമൊപ്പം. വിണ്ണിൽ ചിരിതൂകും ശീതപ്പെണ്ണാൾ മണ്ണിനും മക്കൾക്കും തോഷം നല്കും.