സുന്ദര ദൃശ്യം!


(വൃത്തം-മാധുരി) 



ഞാൻ കാണുന്നൂ  സുന്ദര ദൃശ്യം വിവരിക്കാമിപ്പോൾ,

ഗന്ധംപൊഴിയും  മോഹങ്ങളാൽ ഹൃദയം നിറയുന്നൂ.

എന്നുടെ   മോഹം  സുമമായ് മാറീ  ആഹ്ളാദമുള്ളിൽ,

അക്ഷികൾ  കാണുംകാര്യം ചൊല്ലാൻ  ശബ്ദം  പോരല്ലോ.


വിശാലമായൊരു ഭൂവിടമിവിടായ്   മോദം പുണരുന്നൂ.

സുഖദം സുന്ദരമായൊരു ക്ഷേത്രം  മാടിവിളിപ്പാണ്,

ഒഴുകീടുന്നൂ അരുവിയിൽനിന്നും തേനിൻ ധാരകളും.

 പുഴകളിൽനിന്നേയൊഴുകും  ജലമോ ക്ഷീരത്തിൻ  തുല്യം . 


രുചികരമായൊരു വാടികയരികിൽ  മനോഹരംതന്നേ,

രുചിരം ലതകൾ മനസ്സു  മയക്കി ,  സർവ്വം സ്വർഗ്ഗം  ഹാ!

പൂവിൻ ഹാരം കോർത്തു  ചെടികൾ ചൂടീ    മൗലിയിലായ് ,

പാവിൽ  പച്ചക്കരകൾ  ചേർത്തങ്ങുടുത്തു  ചെത്തികൾ. 


ചെമ്പകച്ചെടികൾ   പ്ലാവിൽ നോക്കുന്നുയരമളക്കാനായ്,

വമ്പൻതെങ്ങതു  കാണുന്നുണ്ടാം  അറിയില്ലാഭാവം.

പുരാതനമായൊരു നാലുകെട്ടും    പ്രൗഢിയിൽ  നിൽക്കുന്നൂ,

 വരാന്ത ചുറ്റും, നടുവിൽ   മുറ്റം,  തുറന്നൊരു  പറമ്പും.


.അഭിനവ സൗകര്യമേറെമനോജ്ഞം   കുറവല്ലോ കുറവും,

 അകത്തു ശയ്യകൾ  ശയനംചെയ്‌വൂ  *മലയജമഞ്ചത്തിൽ.  

അലമാരകളോ ഒളികണ്ണാലേ  നോക്കുവതെന്താവാം?

അമൂല്യനിധിതൻ ശേഖരമാരോ  കവരാൻ വന്നെന്നോ?


ചന്ദനസാലത്താലുണ്ടിരിപ്പിടമരുളാനാതിഥ്യം, 

മഞ്ചം  നിൽപ്പൂ   ഹർമ്യത്തിലായ്  ഒറ്റക്കമ്മൽപോൽ.  

ഖഗങ്ങൾ നീളേ  പാടീയീണം നാഗം തലയാട്ടീ,

സുഗന്ധദ്രവ്വ്യം പൂശി  റോസാ  നരരേ   മയക്കുന്നു.


 വേണു വാതം വായിച്ചപ്പോൾ  ചാഞ്ചാടീ ചില്ലാ,

പൊൻ  താരകളോ  നൃത്തം ചെയ്‌വൂ  ദ്യോവിൻ വേദിയിലായ്.

ഇന്ദുവിലെത്തീ വാസം ചെയ്യാൻ  മേനാവിൽ  കയറീ,  

ശാന്തവിധാനം  ഘോഷിച്ചേറേ  തിരിച്ചെത്തീ  ഭൂവിൽ. 


സുമങ്ങൾ നുള്ളാൻ  കൈനീട്ടീ ഞാൻ ,  ദേവത വന്നെത്തീ, 

"അരുതേ  മലരുകൾ നുള്ളുകയരുതവ ചെടിക്കലങ്കാരം."

ഒരുകൈനിറയേ നീർ ഞാൻ  കോരീ ദാഹം തീർപ്പാനായ് 

കരങ്ങൾ ബലമായ് കവർന്നു   ദേവത, "അമൃതതെടുക്കല്ലേ."  


അവരുടെ  ശബ്ദം   ഘനനാദംപോൽ,   ഭീതിയിലായ്  ഞാനും,    

അവിടം വിട്ടങ്ങോടിപ്പോയീ   അയ്യോ വീണല്ലോ.

 ദേവതയൊച്ചകൾ   വച്ചൂച്ചത്തിൽ   വിടചൊല്ലീ  നിദ്രാ,

 ജീവിതം നിറയേയൂർജ്ജം  നൽകും  കനവും നിനവുകളും.



         


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!