അഹല്യ!
(അന്നനട)
അഹോരാത്രങ്ങൾതൻ പിറകിലേയ്ക്കു നാം
സഹസ്രാബ്‌ദയാത്ര പവിത്രമായ് ചെയ്യാം.
ഒരുദിനേയെത്തീ മുനി വിശ്വാമിത്രൻ
അരമനയ്ക്കുള്ളിൽ ഖലരെയൊതുക്കാൻ.
സലക്ഷ്‌മണം രാമൻ ഒതുക്കി ദുഷ്ടരെ
സലീലശുദ്ധിപോൽ വെടിപ്പായി ചുറ്റും.
പുരാവൃത്തമേറെ നൃപഋഷി ചൊല്ലി,
"ചിരകാലമ്മുനി വസിച്ചഹല്യയും.
ചതുർമുഖൻതന്റെ തനൂജയഹല്യ,
പതിവ്രതയവൾ, മുനികാന്തപ്രിയ,
അഖണ്ഡപൂരുഷൻ *പുരന്ദരൻ ബത
അഖിലസുന്ദരി, അഹല്യേ കാമിച്ചു.
വനവല്ലികളും കിളിജാലങ്ങളും
മനംകൊണ്ടവളേ അനുഗമിച്ചുപോയ്.
അഴകിൻ കേദാരം അതുല്യസൗന്ദര്യം,
പൊഴിച്ചുജ്യോത്സ്ന, നിറച്ചു ആൺമനം.
മരുത്തിൻറെ ഹൃത്തുമഹല്യേ മോഹിച്ചു,
പറയേണ്ടതുണ്ടോ പുരുഷന്റെ കാര്യം!
ചതുർമുഖസുത പതിഗൗതമനായ്
തനുമാനസങ്ങളുഴിഞ്ഞുവച്ചവൾ
ശരീരശുദ്ധിക്കായ് ഋഷിയാം ഗൗതമൻ
അരുണോദയത്തിൽ നദിയിലേക്കു പോയ്.
ഇനനുണർന്നില്ല സമയമായില്ല,
മുനിവിടചൊല്ലി അകത്തി സ്നാനത്തെ.
അനാശാസ്യം ഋഷി തപോവനേ കണ്ടൂ,
അനങ്ങാൻ വയ്യാതായ് ഇരുവർക്കും ഭീതി.
അതികോപതാപം തപസ്വിയിലിറ്റു
അതികഠിനമായ് ശപിച്ചു മാമുനി.
“സഹസ്രവത്സരം ശിലയായ് വസിക്കൂ,
സഹസ്രഭഗനായ് ഭവിക്ക നീ ശക്രാ!”
ഹരിതൻ ചരണമഹല്യെയുണർത്തീ,
ശരിക്കു നമിച്ചൂ അവൾ ശ്രീരാമനെ."
ഒരുശങ്കയുണ്ടേ വനിത കാമിച്ചോ,
മരുത്വാന്റെ ഭംഗി, മറന്നോ കാന്തനെ?
വനനാരി സ്വയം സ്ഥിതി മറന്നതോ!
നിനയ്ക്കാത്തകർമ്മം വിനയായ് വന്നതോ?
സുമുഖിമാർക്കിന്നും അബദ്ധമേറുന്നു
സുചിന്തനംവിനാ പതനമേൽക്കുന്നു.
വചനം മോഹനം സുരൂപസുന്ദരർ,
വിചിത്രരീതിയിൽ ചതികൾ തന്നിടാം.
ഇലമുള്ളിലായോ ഇലയിലായ് മുള്ളോ,
നിലംപറ്റിവീണാൽ ക്ഷതം പത്രത്തിനും.
ജനനിനാമത്തിൻ പവിത്രതതന്നിൽ,
കനിവില്ലാപ്രസു കളങ്കം ചാർത്തുന്നു.
ചളി ചവിട്ടാതെ പ്രയാണലക്ഷ്യങ്ങൾ
ഇളക്കമേൽക്കാതെ മനസ്സിൽ വയ്ക്കണം.
വിഴുങ്ങൊല്ലാ നീതി, നരാ! ചെയ്യൂ നന്മ!
വഴികാട്ടുംദൈവം കരം കവർന്നിടും.
*പുരന്ദരൻ, *ശക്രൻ, *മരുത്വാൻ = ഇന്ദ്രൻ
Comments
Post a Comment