മൂകാംബികേ! ദേവീ!




(വസന്തതിലകം)



മൂകാംബികേ! മമമനം തവ ദിവ്യസൂക്തം

മാലോകരൊത്തു രുചിരം ജപനങ്ങൾ ചെയ്വൂ.

മാലോകജീവിതകളങ്കമെനിക്കു വേണ്ടാ,

മാലൊക്കെ മാറ്റു, ഹൃദയത്തിൽ വസിച്ചിടൂ


ചേലൊത്ത  ചേല തിറമോടു ധരിച്ചദേവീ!

ചിത്തം മടിക്കുമവിടന്നു മടങ്ങിയെത്താൻ.

ആരാമസസ്യകുസുമങ്ങൾ കൊരുത്തഹാരം,

ആമോദമായി തവ  കണ്ഠമൊരുക്കിടുന്നൂ.


*അക്ഷത്തെയേകിടുക *ബ്രഹ്മവധൂ! പവിത്രം,

ആകും തരത്തിലടിയൻ ഭജനം നടത്താം.

ആരൂഢതോഷഘടകം മനമേ വരാനായ്

ആതങ്കവും കളയണം പ്രസു! പ്രേമപൂർവ്വം.


സാരങ്ങൾ തിങ്ങിയമരും നവ കീർത്തനങ്ങൾ, 

ദൂരങ്ങൾതാണ്ടിയവിടെത്തി ഭജിക്കുവോർതൻ

കർണ്ണങ്ങളൊക്കെയവിടെ തുടരും ശ്രവിക്കാൻ,

ആ സന്നിധിക്കു പകരം നിജ ക്ഷേത്രമുണ്ടോ!


മൂകാംബികേ!ജനനി! നിന്നുടെ ഗീതിനെയ്യാൻ 

മോഹം വരുന്നു, പദചാരുത ചേർത്തു ചെയ്യാൻ.

മൂകം വിശുദ്ധമൊരു കോണിലിരുന്നിടാം ഞാൻ,

മുക്തംകണക്കെ പദമെന്നിലുമായ് വരേണേ.


ചാരത്തുതന്നെ തെളിയിച്ചു വിളക്കു വയ്ക്കാം,

ചേലോടെ മാതെ!നലചിന്തകളെന്നിൽ നിർത്തൂ.

ചന്തം തുളുമ്പിടുവതാം പദമാല കോർക്കാൻ.

ചേതസ്സിലമ്മ വരുവാനിനിയെന്തു വേണം?


അക്ഷം   =ജ്ഞാനം

ബ്രഹ്മവധു= സരസ്വതി 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!