പാടവമിത്രം!
(വൃത്തം ഉപമഞ്ജരി )
മിത്രമായ് പാടവം വന്നിടട്ടെ,
മാനസേ തൂകുവാൻ തേൻകണങ്ങൾ.
മന്ദഹാസത്തിൻ സുഗന്ധംപൂശി,
മന്ദം മൃദുലം തലോടും നമ്മെ.
അജ്ഞതതള്ളി മാനസകൂപേ
വിജ്ഞാനപദധാരയൂറിവരും.
മഞ്ജിമയായ് കവി, മഞ്ജരികൾ,
ഉജ്ജ്വലം കോർക്കും കാവ്യം പിറക്കും.
കണ്ണീർത്തുള്ളികളാം മുത്തുകളും,
വിണ്ണിൻവർഷവൈരക്കല്ലുകളും,
സിന്ധുസന്ധ്യകളും കാവ്യമാകും,
പണ്ഡിതനാക്കിടും പാമരനേം.
പണ്ടത്തെ നേർത്ത രചയിതാക്കൾ,
വിന്ധ്യനു തുല്യം ദൃഢതനേടും.
ശില്പിങ്ങളായ് മാറും സാഹിതികൾ
കല്പനയാൽ വാർത്ത കാവ്യശില്പം.
വർണ്ണപ്രപഞ്ചം നീ! ആശയമേ!
മണ്ണിൽ പിറക്കുന്നു സാഹിത്യമായ്.
അക്ഷരവിത്തുകൾ മേനിപൂർവ്വം,
പാകും ഹൃദയത്തിൻ പാടങ്ങളിൽ.
പൊന്നിൻ ഭാവനാച്ചെടികൾ പൊന്തും,
മിന്നുംവാക്കിന്റെ കതിർ വിരിയും
കൊയ്തെടുക്കും കവി കായ്വിളകൾ,
കാന്തിചാർത്തിക്കും കരളിൽ വച്ച്.
ആരു പോയ്പാർക്കും കവിതാവീട്ടിൽ,
പോർ ചെയ്യും വാക്കുകൾ തമ്മിൽത്തമ്മിൽ.
നേർവഴികാട്ടൂ പ്രാവീണ്യമേ! നീ!
നേരായി കാവ്യം ചെയ്യട്ടെ കവി.
മേളകർത്താരാഗഗാനബിംബ-
മോളമായ് നാദമായ് കാവ്യംചൂടും.
പാടുവോർ വല്ലകി കൈയിലേന്തും
മീട്ടിടും മെല്ലെയാ ഗീതിയോപ്പം.
Comments
Post a Comment