കാവ്യാനുരാഗം!

 

 (അർദ്ധസമവൃത്തം)

തംതംത തംതംത തതം തതംതം(ഇന്ദ്രവജ്ര)

തംതംത തംതംത തതം  തംതതം(ഇദ്രവംശ)

 

കാവ്യാനുരാഗം ഹൃദി പാർത്തിടുന്നു

കാവ്യംസമം സുന്ദരപൈതലിൻ  മനം.

കാല്യേ തുടങ്ങാനവൾ  കാവ്യകൃത്യം 

കാലിൻ ദ്വയം തേടി പുറം വരാന്തയും.

 

കാർപ്പണ്യദോഷം പുണരും മനസ്സും,

കാലത്തെദൃശ്യത്തെ വിടാൻ മടിച്ചിടും.

കാവ്യം മനഞ്ഞീടുവതിൻ  കുതൂഹലം  

കൗമാരകാലം സർവദാ  തുടർന്നിടും.

 

കാമ്യം  തുടങ്ങും നവശബ്ദ  ചിന്താ,

കാവ്യത്തിനായീ  പദവും തിരഞ്ഞിടും.

കണ്ണുകൾ പായിച്ചു ദ്യുവിൻ പരപ്പിൽ

കണ്ടു ഖഗൻ പുഞ്ചിരി തൂകി നില്പതും.

 

കാർകൂന്തലാട്ടീ  മരുവും മരങ്ങൾ 

 കേളിക്കുകൂട്ടാകുവതും മനോജ്ഞമായ്.

കിങ്ങിണിപോൽ നൽച്ചുരുളുള്ള  കേശം 

കാലേ  മനോമോഹന  പിംഗളത്തിലായ്.

 

കാടിൻറെ  പുഷ്പങ്ങൾ    നലം   തുടുക്കും 

കപോലവും ശോണ നിറത്തിലായ്   വരും.

കാർമേഘയോഘം മഴവില്ലിനൊപ്പം 

കാട്ടീ മഹാ  ഘോഷചടങ്ങു തോഷമായ്.

 

കുന്നിന്റെ യഗ്രത്തി ലൊളിച്ചു മേവും 

കാകന്റെനോട്ടം ഫലവർഗ്ഗകൂട്ടവും.

കാർത്തുമ്പിയെന്തേ യുണരാത്തതിന്നായ്,

കാടിൻറെ  തേനിൻ രുചിയോർത്തു പാറിയോ?

 

കാറും തിറത്തിന്ന ടയാളവില്ലും

*കൈമായമേറേ  ഗഗനത്തിൽ  കാട്ടിടും.

*കാശം പണിഞ്ഞൂ ഭഗവാൻ ഖഗോളം 

കൈവല്യമായ്  കാവ്യമെഴുന്നു നിന്നിടും.

 

 

ഖഗൻ =സൂര്യൻ

 

കൈമായം=ഇന്ദ്രജാലം

 

കാശം       =ശോഭ

 

 

 

 

 

 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!