പാർത്തലത്തോണി!
(വൃത്തം-കേക)
ഒരുനാളിലായ്ക്കണ്ടൂ കാവ്യത്തിൻ തേൻതുള്ളികൾ,
ചിരിക്കുന്നതാം കാവ്യം ചങ്ങമ്പുഴതൻ പൈതൽ.
പുഞ്ചിരി മുഖത്തെല്ലാം തേച്ചുവച്ച കവനം,
തഞ്ചത്തിൽ ചട്ടമാറ്റി കാട്ടിയനീതി വാക്യം.
തങ്ങിനിന്നതിൽ ഹൃത്തും മടങ്ങിവന്നതില്ലാ,
പൊങ്ങിവന്നുള്ളിലായി 'വാഴക്കുലത'ൻ ചിത്രം.
വർഷങ്ങൾ കൊത്തിയെന്നെ പിന്നോട്ടായ്ക്കൊണ്ടുപോയി,
ഹർഷപൂർവ്വം കാണിച്ചു അനീതിതൻ വൈചിത്ര്യം.
ജീവിതമൈതാനത്തിൽ നേത്രം കവാത്തുചെയ്തു,
ആവാസവൈജാത്യങ്ങളന്നും പാരിലുണ്ടായി.
കർഷകർ പഞ്ഞംമൂലം മുനിഞ്ഞദീപതുല്യം,
തോഷത്തിൻ വെട്ടംവിനാ ജീവിതം തള്ളിനീക്കി.
ആഴത്തിലാഴ്ന്നുപോയി കണ്ണീരാഴിതന്നിലായ് ,
പാഴ്ജന്മമായ് ജോലിക്കാർ ജീവിച്ചൂ മേലാളർക്കായ്.
ജന്മി നീതിയെക്കൊന്നു കർഷകനിണമൂറ്റി,
മാനസേ തെളിഞ്ഞില്ലാ കനിവിൻ കണങ്ങളും .
സ്വേദബിന്ദുപ്രവാഹഫലമായ് ഫലം പൊന്തീ,
സ്വാർത്ഥബുദ്ധിക്കാർ ലാക്കിൽ വിള ഗ്രഹണം ചെയ്യ്തു.
അടിയാനുള്ള രക്തം തമ്പ്രാക്കളൂറ്റും കഷ്ടം!
കുടിയാനില്ലാ ഭാഗ്യം കായ്‌ഫലം സ്വന്തമാക്കാൻ.
വിലോപപാത്രങ്ങൾക്കു ഭോജ്യപാത്രങ്ങൾ കാലി,
വിലാപം ചെയ്തീടിലുമധ്വാനം ചെയ്യുമവർ.
കിനാവുകൂട്ടിനുണ്ടാം ദാരിദ്ര്യച്ചാപ്പയിലും,
മനുഷ്യൻ കോർക്കുമല്ലോ സദായാശപ്പൂമാല.
ദാരിദ്ര്യം കൂടെവാഴും മാടത്തിൻ മുറ്റങ്ങളിൽ
വാരിളം തുഷ്ടിക്കതിർ വളരേണ്ടേ തിറമായ്?
ധാത്രി നമുക്കെല്ലാർക്കുമേകി ധനമൊന്നുപോൽ
ധാതാവിനേയും ദുഷ്ടരടക്കിവാഴുന്നെന്നും.
പാർത്തലത്തോണിയിൽ നാം യാത്രികർ മാത്രമോർക്കൂ,
കാതങ്ങൾ പിന്നിടുമ്പോൾ മൃത്യുതന്നാറ്റിൽ മുങ്ങും.
സുലോകമാക്കാം ഭൂവെ, ഒന്നിച്ചു നിന്നാലെല്ലാം,
കലാപം തൂത്തുമാറ്റാം, മാറ്റം നമുക്കെത്തിക്കാം.
Comments
Post a Comment