വിശ്വരക്ഷകൻ!






 (വൃത്തം-സർപ്പിണി)


വിശ്വരക്ഷകൻ നീ കൃഷ്ണ! നിത്യമായ്,

വിശ്വമൊന്നു നീ നേരെയാക്കീടണേ. 

കളളം, വഞ്ചന മർത്ത്യനു  ജീവനം, 

വിള്ളലേറ്റി വധിക്കുന്നു ശാന്തിയെ.


പണ്ടു പാണ്ഡവർ ഹസ്തിനരാജ്യത്തിൽ

നഷ്ടത്തിന്നാറ്റിലാണ്ടുപോയ്, കഷ്ടമായ്! 

തന്ത്രം ഗൗരവപൂർവ്വമുണ്ടാക്കി നീ,

സ്വന്തം പാണ്ഡവരക്ഷയ്ക്കതുന്നതം.


രാജ്യത്തിന്നവകാശ സംഗ്രാമത്തിൽ,   

പൂജ്യർ  വന്നുനിരന്നു കുരുക്ഷേത്രേ,

വര്യർ തന്നുടെ ദർശനമാത്രയിൽ,

ഊർജ്ജം പാർത്ഥനിൽ നിന്നുമൂറിപ്പോയി.


ചൊല്ലി നീ സവ്യസാചിക്കുണർവേകാൻ

ഫുല്ലമാക്കി  നീ  ഗീതതൻ  ശ്ലോകങ്ങൾ.

ബദ്ധിമുട്ടിനെ തൂത്തെറിഞ്ഞീടുവാൻ,

 ബുദ്ധിപൂർവ്വം സുമാർഗ്ഗം തെളിച്ചൂ നീ.


പുഷ്പംപോലേന്തി ഗോവർധനാദ്രി നീ

ഗോപർക്കേകീ മഹാമാരിയിൽ രക്ഷ.

 ഹാസം നല്കുന്നു മാനസസാന്ത്വനം

വാസം ഹൃത്തിൽ, തമസ്സിന്നു ദീപ്തിയായ് 

 

അന്ധരാജന്റെയാത്മജർ നൂറ്റൊന്ന് 

സന്ധി സൗബലനൊപ്പമായ് ചെയ്തവർ.

വാതുവച്ചു ചതിച്ചിടാൻ  കൗന്തേയർ ,

ചൂതിൽ കാപട്യമൊന്നാമനായ് മാറി.


എൻ്റെയുള്ളിലും ദുഷ്ടരുണ്ടായിടാം,

എന്നിൽ നിന്നുമവരേ തുരത്തണേ. 

തന്ത്രം  തിന്മകൾ  വേണ്ടാ ഹൃദന്തത്തിൽ, 

ശാന്തിവാസമെൻ ചിത്തേ സദാ വേണം.


മാനസം സംഭരിക്കും ദു:ഖഭാരങ്ങൾ

മൊത്തമൊന്നിറക്കാൻ നീ തുണയ്ക്കണേ.

മാന്യം, ബാധ്യതകൂടാതെ ജീവിതം

ധന്യം പൂർണ്ണമാക്കീടണേ പാഹിമാം!


Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

പാവനനാമം!

കർണ്ണികാരം