മാരിക്കാർ !
(വൃത്തം - നതോന്നത)
മാരിക്കാറിൻ ചേലോർത്തപ്പോൾ വാരിപ്പെണ്ണിന്നാമോദമായ്
സപ്തവർണ്ണച്ചേല ചുറ്റി മോടികാട്ടുന്നോ?
വൃഷ്ടികളോ സ്വന്തം ചാപം വാനിലായി സൂക്ഷിക്കുന്നു
കീഴേവാഴും ഭൂ നോക്കുന്നു ആകാംക്ഷയോടെ.
അത്യധികം രമണീയം ശീർഷംപൊക്കീനിൽപ്പൂ വില്ലും
പിന്തുണയാൽ നിൽപ്പൂ കൂടെ ചിത്രഭാനുവും.
ദിവാകരദേവൻ സ്വന്തം രശ്മികളാൽ മനയുന്നു
തൂവെള്ളത്തുള്ളിയും ചേർന്നു വർണ്ണത്തിൽ ചിത്രം.
യോഗയ്ക്കായ് കുനിഞ്ഞതാകാം, രൂപം സമാനം കുബ്ജയ്ക്ക്
ഈഗോളത്തെ നന്നായ്ക്കാണാനെത്തിനോക്കുന്നു.
എന്തായാലുമാഭയോലും ധനുസ്സിന്നാകാരം ലോകർ
ഏതുദിക്കിലാണെങ്കിലുമാസ്വദിച്ചീടും.
ഈശ്വരനും പാരിന്നായി സർവ്വ വസ്തുവിൽ നിറച്ചൂ
ആരഭി, കല്യാണി, തോടി, രാഗമനേകം.
താളവും നിറച്ചൂ ചേലായ് ശാശ്വതം തോഷമേകുവാൻ
നീളേ നീളേയെവിടെയും സംഗീതധാര.
സ്വർഗ്ഗത്തുള്ള സുരർക്കായി വിൽ പോകുന്നോ കൊടുക്കുവാൻ
പാർത്തലം നല്കും സന്ദേശം ലോകനന്മക്കായ്?
അതുലമാം വിണ്ണവരാം നാഥന്മാരുടേതാമാജ്ഞ
ധാത്രിക്കായി പേറീടുന്നോ താഴേക്കെത്തിക്കാൻ?
ഇന്ദ്രധനുസ്സും താരവും ശശാങ്കനും മേവുമിടം
ചന്ദ്രികയുമെത്തും നഭസ്സ് എത്ര രുചിരം.
താളം, ഈണം, എല്ലാം പോകും നമ്മൾ ശ്രദ്ധവയ്ച്ചില്ലെങ്കിൽ,
മേളമോടെ ജീവിക്കും നാം വീഴും കൂപത്തിൽ.
Comments
Post a Comment