പരിശുദ്ധനാമം!
(വൃത്തം-അന്നനട)
തെളിഞ്ഞങ്ങൂ നിൽപ്പൂ മമമാനസത്തിൽ,
വിളങ്ങുംദീപംപോൽ അയോധ്യാരാജൻ.
ഒരുദിനംപോലും മുടങ്ങിടാതെ ഞാൻ,
ഉരുവിട്ടീടുന്നു പരിശുദ്ധനാമം.
രഘുകുലനാഥാ! തവനാമൗഷധം
സുഖമാം ലേപനം, മനനൊമ്പരത്തിൽ.
അമിതമാമാശ പറക്കും വിദൂരേ,
അമാനമായ് തോഷം, വരും നിന്നെ പാർത്താൽ.
അധികമാം കാമം പെരുത്തക്രോധവും,
അഴുക്കാം ലോഭവും മലിനമോഹവും
വിഴു പ്പാം മാത്സര്യം, അശുദ്ധമദവും
വിദൂരെയാകണേ മനസ്സിൻ ശത്രുക്കൾ.
കനിവിൻ നാഥനാം മുനിശിഷ്യാ! രാമാ!
ഹനിക്കും ചിന്തയെ അകത്തിമാറ്റണേ .
തനിരാമായണം അരികിലെത്തിയാൽ,
തുടരില്ലാ പീഡാ ശരിക്കും രക്ഷതാൻ.
വയോജനത്തിനു സദാ രാമായണം.
ഉയർന്നൊരാശയയിരിപ്പിടമല്ലോ!
ധരിത്രി ഭാരതം ശുഭപ്രതീക്ഷകൾ
പരമദിവ്യമാം കിതാബിൽ വയ്ക്കുന്നു.
അഴകാം മൂർത്തിയാൽ കവിതാവൃഷ്ടികൾ
വഴിപോലെതന്നെ പിറന്നുവീഴുന്നു.
അരുളുന്നൂ രാമൻ വരം കവികൾക്കായ്
ഇരുളുമായുന്നു കവിതാവിളക്കാൽ.
എഴുത്തച്ഛൻ മുദാ തപസ്സുകൾ ചെയ്തും,
എഴുതിക്കൂട്ടി ഹാ! അമൂല്യമാം ഗ്രന്ഥം..
മൃദുലം സുഖദം ചലനം രാമൻറെ,
മനസാ നമിപ്പൂ പദങ്ങൾ മേദിനി.
മധുരം ഭാഷണം മനങ്ങൾ മയക്കും
മനോഹരം ഭൂഷ മിഴികൾക്കു മേള.
കടലാം കാരുണ്യജലത്തിൻ തുള്ളികൾ
തരുമോ പാവനം ഹരേ ! അടിയന്നായ്
സഹിച്ചിടാൻ നിന്ദ ക്ഷമവന്നീടണേ,
അഹംബുദ്ധി വേണ്ടാ വിനയം തോന്നണേ.
ഹൃദന്തനൊമ്പരം അലിഞ്ഞിടേണമേ,
ഉദിക്കണേ ചിത്തേ സമഞ്ജസം മാത്രം.
ജഗതിയിൽ നിന്നുമൊടുക്കം പോകുമ്പോൾ
അഗതിയ്ക്കു ദേവാ! അരികിൽ നീ വേണേ.
വരേണം നീയുള്ളിൽ ജെനിമൃത്യു വേണ്ടാ
കരുതിയേകണേ തിരുമേനീ ! മോക്ഷം
അമാനം= അളവില്ലാത്ത
Comments
Post a Comment