അഭിജിത്തിൻറെ ബാല്യം!
(അന്നനട)
അഭിജിത്താം ബാലൻ പ്രസുവോടു ചൊല്ലീ
അവിടായ് പൊയ്കയിൽ കുളിച്ചോട്ടെ ഞാനും?
"അകലേയ്ക്കായ് നീന്താം തൊടാമാഴത്തെ ഞാൻ
അതിചാതുര്യം ഞാൻ കുളത്തിൽ കാണിക്കാം."
" അഭിജിത്തേ ! വേണ്ടാ അ ഭിലാഷമേറെ,
അവർതൻ പൊയ്കയോ നമുക്കുള്ളതല്ല.
അവരോ മാനത്തെ രജതതാരങ്ങൾ,
അവർക്കിടയിൽ നാം വെറും തൃണമല്ലോ .
അവിടെ സ്നാനത്തിന്നളവുകോൽ ധനം,
പെരുമയും പേരും കുടുംബത്തിൻ സ്വത്തും.
അവർ തരും പണി കരുതിനിന്നിടൂ,
പൊതു പന്ഥാവിലായ് നിനക്കുണ്ടു ജലം."
അതിർത്തികാത്തിടും പിതാവിങ്ങെത്തിയാൽ
അരുവി നിങ്ങളെ വിളിക്കും സ്നേഹമായ്.
അവന്റെ മനസ്സിൽ മുളപൊട്ടി ശങ്ക ,
"അവിടെൻ സ്നാനങ്ങൾ ജലം കുറയ്ക്കുമോ?'
മയങ്ങാൻ പോയ് ഞായർ, മടങ്ങി കളിക്കാർ,
ഭയം പൈതലോടു സലാം പറഞ്ഞുപോയ്.
ജലം ക്ഷണിച്ചപ്പോൾ മനം മോദത്തിലായ്,
അലച്ചവൻ ചാടി സലിലയാഴത്തിൽ.
അടിയിലെ പങ്കം മുറുകെപ്പുണർന്നു,
പതിയെപ്രാണനുമതിലായ് ലയിച്ചു.
പിണമായി മാറി തനുവും മോഹവും,
പ്രസുവിന്റെ നേത്രം പ്രളയത്തിൽ മുങ്ങി.
പദങ്ങൾ വക്ത്രത്തിൻ തുറുങ്കിലായിപ്പോയ്,
പരിദേവനങ്ങൾ പുറപ്പെട്ടതില്ല.
ചെറുതല്ല നഷ്ടം സഹിയാനാകുമോ?
ചെറുപ്രായപ്പോതനിഹം വെടിഞ്ഞില്ലേ!
പറയാൻ വാക്കുകൾ ഒരാൾക്കുമില്ലിപ്പോൾ,
പണമില്ലാത്തവൻ വിലയില്ലാത്തപുൽ .
പണിയേറെചെയ്തു സ്ഥിതി മാറ്റീടണം.
പിഴുതു മാറ്റണം അധർമ്മകർമ്മങ്ങൾ.
Comments
Post a Comment