ഭൂവിൻ്റെ നോവ്!
(മനത്തിങ്കൾ)
കേരളമാമെൻ്റെയമ്മേ, നോക്കൂ,
ആരോമലാം മക്കളേറെ.
പച്ചവർണ്ണച്ചേലചുറ്റി, മാതാ
നിശ്ചയമോലുന്നു തൂമാ.
സംജ്ഞകൊടുത്തതു കേരം രമ്യം,
സംശുദ്ധമായി വളർന്നൂ.
എന്നുടെയീ കൊച്ചുനാടു നല്ല
പൊൻ വിളവേകിടും ദേശം
പാടം, തൊടി, വൻകാടും മേടും
ചാടുന്ന ഗോവിൻ്റെ കുഞ്ഞും.
ആടുമാനയും വീടിൻറെയുള്ളിൽ
കൂടിയാൽ നൽകുന്നു തുഷ്ടീ.
വയ്‌ക്കോലടുക്കിയ വല്യകൂന,
കൊച്ചുകുഞ്ഞുങ്ങൾതന്നോട്ടം,
പിച്ചകച്ചെമ്പകപ്രേമമാഹാ!
കാഴ്ചയ്ക്കു നല്ലൊരു മേളം.
പുഞ്ചിരിയും തൂകി നില്ക്കും പുല്ലും
പുഞ്ചനെൽ നൃത്തവും കേമം.
പഞ്ചമംപാടുന്ന മിത്രം കുയിൽ,
നെഞ്ചകംതന്നിലായ് ചാരം.
മന്ദാരവും നാളികേരം, തുമ്പ,
ചന്തംനിറഞ്ഞുള്ളയാറും,
പാറിപ്പറക്കുന്ന പ്രാവും കാണാം,
കാറും കുറുമ്പൻ കാക്കയും.
ചേറിൽവിയർക്കുംന്ന പാവം മർത്ത്യർ,
ഏറെപ്പണിയും നിസ്വാർത്ഥർ.
അർദ്ധവയർനിറച്ചീടും പുമാൻ,
സ്വാർത്ഥതയ്ക്കേകുമോ! സ്ഥാനം?
മാവിൻ മേനിയിലായ് മേവുമണ്ണാൻ
മേനിയിൽ ചാടുന്നു വീരൻ.
മാരുതൻ വൈകുന്നവേള മാവും
മങ്ങും മനസ്സുമായ് നില്ക്കും.
ഹാസ്യത്തിൽ ഹാസം പൊഴിക്കും സൂര്യൻ
സസ്യങ്ങളെ ഹൃദ്യം പുൽകും.
വാനം കൊഴിച്ചിടും തേനാം വാരി
കാനനസ്വാസ്ഥ്യത്തിൻ ഹേതു.
പണ്ടത്തെക്കാര്യങ്ങൾ ചൊല്ലീ പക്ഷേ-
യുണ്ടോയി വസ്തുതയിന്നായ് ?
ഇന്നുദർശിച്ചിടും കഷ്ടമയ്യോ!
കുന്നുപോലെ നഷ്ടം ചുറ്റും.
മാലിന്യമോ മല്ലു ചെയ്യും വീറായ്
കാളകൂടം പൊന്തിയെത്തും.
ഭാവിക്കു രക്ഷണം വേണമെങ്കിൽ.
ഭൂവിൻ്റെ നോവുകൾ മാറ്റൂ.
Comments
Post a Comment