ഓർമ്മതൻ ഛായ!
(ശ്ലഥകാകളി)
ദുഃഖത്തെ സന്തതം കൂടെപ്പാർപ്പിച്ചവൾ,
വക്ത്രത്തിൽ പുഞ്ചിരി ചാലിച്ചുകാട്ടുന്നൂ.
പഞ്ചമന്ത്രത്തിൻ വരം നല്കീ മാമുനി
പൂമ്പാറ്റതുല്യം ഹാ! പാറി ശൂരസേനി.
“ഒന്നു പരീക്ഷിക്കാം ദുർവാസാവിൻ മന്ത്രം,
ഇന്നുതന്നാകട്ടെ,"ചിന്തിച്ചൂ കുന്തിയും.
സപ്തസംഖ്യാവാജിത്തേരിലെത്തീ മിത്രൻ
ശക്തമായ് പ്രശ്നത്തിൽപ്പെട്ടൂ കുമാരിയും
കൗമാരപ്രായത്തിലോർത്തില്ലാ ദുർഘടം,
കന്യക കുട്ടിത്തപ്രായത്തിൽ മാതാവായ്.
കുട്ടിയ്ക്കു കൊട്ടാരം വർജ്ജിതംതന്നല്ലോ!
കീർത്തിയെ കാക്കേണ്ടേ, ദൂഷണമാകില്ലേ?
ഗന്തം മാനമ്മൂടി, പെയ്യാൻ തയ്യാറായി,
“എന്തേലുമന്തിയിൽ ചെയ്യാമെന്നുതോഴി”.
അന്തിമലരി വിരിഞ്ഞുനിന്നീടുമ്പോൾ,
കുന്തിതന്നാളി തയ്യാറാക്കീ പേടകം.
പെട്ടിയിൽ സ്നിഗ്ദ്ധമാം തൽപ്പം തയ്യാർ ചെയ്തൂ,
പെട്ടന്നൊഴുക്കീയാപ്പൈതലേയാറ്റിലായ്.
തുള്ളീടും വെള്ളിനീരേറ്റുവാങ്ങീപെട്ടി
ഓളങ്ങൾ ചാഞ്ചാടിപ്പാടീ താരാട്ടുകൾ.
മാതാവിൻ വാത്സല്യം ധാരയായൊഴുകീ,
മാതൃ നേത്രങ്ങൾക്കുമന്യമായ് നിദ്രയും.
മാതാവിൽ, പുത്രൻ്റെ വേർപാടിൻ ശോകങ്ങൾ
ഉത്കണ്ഠയേറ്റിയാലിംഗനം ചെയ്യാനായ്.
സുപ്തിയിൽ, ഊണിലും തൻകുഞ്ഞിൻ വിച്ഛേദം,
കുന്തിതന്നുള്ളത്തേ കാർന്നു കാർന്നു തിന്നൂ.
ആരോടും ചൊല്ലുവാൻ പറ്റാത്തകാര്യങ്ങൾ,
ഓർമ്മതൻ ഛായാജാലത്തിലും കു ടുങ്ങീ .
ചിന്തിക്കേണം പാദം മുന്നിലായ് വയ്ക്കുമ്പോൾ
അന്തമില്ലാത്ത ചതിയിലായ്‌പ്പെ ട്ടീടാം,
ചന്തം കണ്ടങ്ങു മയങ്ങീടൊല്ലായാരും,
ചന്ദ്രനാകില്ലാ തിളങ്ങുന്നതെല്ലാമേ!
,
Comments
Post a Comment