ഭക്തിസാഗരം!
( വൃത്തം -ഉന്നത)
രാമരാമ രാമരാമ
ഭക്തിസാഗരത്തിൽ നീന്തി
രാമവിഭോ! അങ്ങയെ ഞാൻ
ഭജിച്ചിടാം നിരന്തരം.
ദാശരഥീ! മാരുതിക്കു
നാഥനായ നിൻറെ മുന്നിൽ,
ദാസഭാവഭക്തിയോടെ
നിൽപ്പതാണെനിക്കു സുഖം.
താടകയേ നിഗ്രഹിച്ചു
കൗശികൻ്റെ മനോരഥം
വശ്യമായി നിർവഹിച്ച
ഭൂപതിയേ നമിപ്പൂ ഞാൻ.
മാമുനിയോ നീയുമായി
ലക്മണനേം കൂടെകൂട്ടി
സൗമ്യമായിയെത്തിയല്ലൊ
ജാനകിതൻ ജന്മനാട്ടിൽ.
ക്ഷോണിതൻ്റെ തനൂജക്കു
വേളിമാല ചാർത്തിടുവാൻ,
പാണിതന്നിൽ സുമമാക്കീ
മഹേശ്വരമഹാവില്ലും.
വീരരാ,മനേക ഭൂപർ
തോറ്റുതോറ്റു മാറിയതും
കാര്യമായപൂജചെയ്തു
വില്ലു നീ മുറിച്ചുമാറ്റി.
മാർഗ്ഗമദ്ധ്യെയെതിർത്തോരു
ഭാർഗ്ഗവന്റെ കോപമൊക്കെ
ചാരുതയായ് ധർമ്മചിന്ത
കാട്ടിയഹോ! മറച്ചില്ലെ?
സീതയെ നീ ചേർത്തു നിർത്തി,
സോദരരേംകൂട്ടി ഹരേ!
സസന്തോഷമായി ദൃഢം
കോസലത്തിൽവാണുപോന്നു.
മാനുഷരോ സർവ്വവേല
കെട്ടകാലകൗശലമായ്,
ഹാനികാര്യമേറെയായി
ചെയ്തിടുന്നു ജഗത്തിലായ്.
കന്മഷങ്ങൾ നിറഞ്ഞൊരീ
ധാത്രിവാസമോ പ്രയാസം,
കാലദേവനെത്തുമുന്നെ
മുക്തിവീഥി കാട്ടീടണേ.
Comments
Post a Comment