കാരുണ്യദീപം!
(വൃത്തം- മഞ്ജരി)
അയ്യപ്പസ്വാമീ നിൻ ദിവ്യ ചരിത്രങ്ങൾ,
അൻപോടു മന്നിൽ നിറഞ്ഞുനില്പ്പൂ.
ലോകശാസ്ത്രേ! തവ പാദപ്രസൂനങ്ങൾ
പാകിനിൽപ്പൂ ഭക്തമാനസത്തിൽ.
പന്തളരാജനാം, പാണ്ട്യ മഹാമന്നൻ,
ചിന്തിതൻ പുത്രനില്ലാ ദുഖത്താൽ.
കാന്താരംതന്നിലായ് കണ്ടോരു ബാലനെ,
പുത്രനാക്കീ നൃപൻ തോഷപൂർവ്വം.
കണ്ഠത്തിൽക്കാണായി ദിവ്യമൊരു മണി,
പണ്ഡിതർ നല്കീ നാമം 'മണികണ്ഠൻ'.
ആനനം ദിവ്യൻറെ കാണുമ്പോൾ നിത്യവും,
ആനന്ദത്താൽ ലോകം നൃത്തമാടി.
മന്ത്രിതന്നേഷണീഭാഷ്യങ്ങളൊക്കേയും,
മാനസസഞ്ചയമായ് റാണിയിൽ.
പോറ്റമ്മതന്നുടെ കാപട്യരോഗത്തിൻ,
പെറ്റപുലിപ്പാലു *ജായുപോലും.
ആശങ്ക ചെയ്തില്ലാലിംഗനമയ്യനേ,
ക്ലേശംവിനാ വീരൻ കാടുതേടീ.
സുന്ദരവക്ത്രത്തിൽ തോഷംനിറച്ചവൻ
മന്ദിരം പുല്കി വ്യാഘ്രപ്പുറത്തും.
വിസ്മയം ചുറ്റിനുമായ് വന്നണഞ്ഞു ഹാ!
തത്സമയേ കൂപ്പുകൈകൾ പൊങ്ങീ.
അദ്രിയിലയ്യനൊരാലയജന്മമായ്,
ഛിദ്രമനസ്സുകൾക്കാശ്രയമായ്.
ശ്രീ ശബരീനഗക്കാന്താരമേലെയായ്,
ആശപോൽ ലോകർ ചെയ്‌വൂ ഭജനം.
സാലവൃന്ദങ്ങളാവാസജന്തുക്കളും,
ചേലെഴും ഭക്തിയിൽ കുമ്പിടുന്നൂ.
മന്ദസമീരനുപാസന ചെയ്യുന്നൂ,
മന്ദം ചകോരം മൂളുന്നൂ ഗീതം.
താളത്തിൽ സസ്യങ്ങൾ ശീർഷവുമാട്ടുന്നൂ
ഓളത്തിൽ പത്രൻ താളം കൊട്ടുന്നൂ.
മക്കളെ താരാട്ടും അമ്മ വസുന്ധര,
മൂകമായ് അയ്യനാമം ജപിപ്പൂ .
നിന്നിലായ് ദർശിതമത്ഭുത സിദ്ധികൾ
വർണ്ണിയ്ക്കാൻ വാക്കുകളില്ല സ്വാമീ!
ദർപ്പത്തെ മായ്ക്കണേ രക്ഷണമേകണേ,
ദർപ്പണമാകണേ ചിത്തരംഗം.
കാരുണ്യ ദീപം ജ്വലിപ്പിക്കൂ ഞങ്ങൾക്കായ്
പാരിലേ ദ്വേഷത്തമസ്സു മാറ്റൂ.
*ജായു*= മരുന്ന്
Comments
Post a Comment