പദ്യപ്പൂമരം!


 

(വൃത്തം-സർപ്പിണി)

 

കാവ്യകാര്യത്തിനായി  തുനിഞ്ഞു ഞാൻ

ഭവ്യം  ചേതസ്സു   ധ്യാനം  തുടങ്ങിനാൻ.

ദിവ്യമക്ഷരബീജം തിരഞ്ഞു ഞാൻ,

ധന്യം  കണ്ടു ഞാൻ ചിന്താസഞ്ചിക്കുള്ളിൽ.

 

വിത്തു പാകി ഞാൻ 'കമ്പ്യൂട്ടർ' പാടത്തായ്,

 ഒത്തുവന്നു  കുഞ്ഞുകൂമ്പു സദ്രസം.

വൃത്തത്തൊട്ടിലിൽ താരാട്ടാനാക്കി ഞാൻ,

നൃത്തം ചെയ്തതും  പ്രാസാനുപ്രാസത്തിൽ.

 

മെല്ലെ വർദ്ധിച്ചു നീളവും വണ്ണവും,

അല്പം ഭൂഷയലങ്കാരത്താൽ ചെയ്തു.

വര്യഗുരുക്കൾ നല്കിയ  നിർദ്ദേശ-

കാര്യം  പോഷണമായ് പുല്കി  കാവ്യത്തെ.

 

പാദങ്ങളായി നിൽക്കുന്ന  രൂപങ്ങൾ,

മോദമേറ്റി മന്മാനസം തന്നിലായ്.

പാദപമായ സൃഷ്ടിയെ നോക്കി ഞാൻ,

പദ്യപ്പൂമരമെന്നുതാൻ  നിനച്ചു.

 

ശ്രേഷ്ഠർതന്നുടെ   ഫാലം  ചുരുങ്ങിയോ?

കഷ്ടം തോന്നിയോ ഇഷ്ടപ്പെടാത്തതോ?

മഞ്ഞവർണ്ണം പടർന്നോന്നു  സന്ദേഹം,

കാഞ്ഞിരക്കായയായോ മമ പദ്യം?

 

"വേണ്ട കന്മഷം വയ്ക്കേണ്ട ,"ചിത്തോതി,

"ഉണ്ടു വക്ത്രം തെളിഞ്ഞ വായനക്കാർ.

കൈയിലംഗുലി ഒന്നുപോലല്ലല്ലോ,

 പയ്യെ  സംഗതിയൊത്തുവന്നീടുമേ."

 

പക്വമെങ്കിലും പാകമായില്ലേലും,

ശ്ലോകകാവ്യലോകത്തിലായ്   ഞാനുണ്ടാം.

ആകുമ്പോലാശയം ചേർക്കാൻ ധന്യമായ്,

പോകും ഞാനും നിർമ്മാണങ്ങൾ  ചെയ്യുവാൻ.

 

ഈശാ! ത്വൽകൃപ നിത്യമുണ്ടാകണേ,

ആശകൾ പൂർത്തിയാക്കി മരുവീടാൻ.

ജ്ഞാനമേകിടൂ  തേൻപോലൊരിത്തിരി,

 പാനം ചെയ്തു  കേറാൻ വിജ്ഞാനക്കോണി.

 

 

 

 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!