പാരിൻ ബന്ധു!



(കേക )


ഒന്നങ്ങു ചിന്തിക്കിലോ സുന്ദരമല്ലോ ലോകം!

നന്നായി വസിക്കുവാൻ ചരാചരങ്ങൾക്കിടം.

ദ്യോവിലെ  ശരീരികൾ,മനോഹരരൂപികൾ,

ഭൂവിന്റെ തനൂജരും  സ്നേഹത്തിൽ വിരാജിപ്പൂ.


ഒരുശ്രേഷ്ഠൻ പാരിലായുറ്റബന്ധുവായ് വാസം,

ശരീരമെന്ന കാര്യം  കാണാനേയില്ലവനിൽ.

പക്ഷെ  വലിപ്പത്തിലോ,  വലിപ്പമുണ്ടുതാനും,

ഈ ക്ഷിതിയിൽ മഹാനേ  നിശ്ചയം കാണില്ലാ നാം. 


ശാന്തനായുണ്ടിവിടേ ഭൂകാന്തയ്ക്കധീനനായ്,

താന്തരോടു  കാരുണ്യം കാട്ടുന്നു പുല്കീടുന്നു.

പൂവൊപ്പമുദ്യാനത്തിൽ നെല്ലൊപ്പം പാടങ്ങളിൽ 

പാദപചില്ലയ്ക്കൊപ്പം  കേളിയ്ക്കായെത്തീടുന്നു.


സുഗന്ധപൂരിതനായ്  അനേകം നാസങ്ങളേ 

സുഖിപ്പിക്കുന്നു നിത്യം, ദുർഗന്ധവും വഹിക്കും.

നാളികേരവൃക്ഷത്തിൻ  കരം കവരും  മെല്ലേ, 

പാലിക്കാൻ   സൗഹൃദങ്ങൾ,  മടുപ്പു കാട്ടുകില്ലാ.


ജ്വലിക്കും വസ്തുക്കൾതൻ  പിരിയാസുഹൃത്തായി 

ജീവനുള്ള കാലങ്ങൾ കാവലായ്  നിൽക്കുമവൻ.

വെറുത്താലവൻ കണ്ഠം ഞെരിക്കും ഹനിച്ചീടും,

കാറിനെപ്പോലുമവൻ  ശക്തിയായ്  തൂത്തെറിയും.


 വായുവെന്നൊരു നാമം വിളിപ്പേരോ കാറ്റെന്നും,

വാഴുന്നു സർവ്വത്തിന്റേം നാഥനായ്ത്തന്നെ ഭൂവിൽ.

മാരുതി രക്ഷസ്സിന്റെ വക്ത്രത്തിൽ ചെയ്തപോലെ,

മാരുതനും വദനേ കയറീയിറങ്ങുന്നു.


ശ്വാസകോശത്തെ  സദാ സന്ദർശിക്കുന്നൂ  വാതം,

ശ്വാവ്‌, മറ്റുപ്രാണികൾ, മരുത്തും കേളീ ചെയ്‌വൂ. 

അവൻറെ  ശൂന്യതയാൽ വലുതാമത്യാഹിതം

ഭവിക്കുമുറപ്പായി, പ്രപഞ്ചം മൃത്യു പൂകും.


സത്യത്തിലുണ്ടവനുമാതങ്കമധികമായ്, 

മർത്ത്യർ  പങ്കം ചേറുന്നു  വായുവിൻ ഗാത്രത്തിലായ്.

അഴുക്കേറ്റി  കാറ്റിൻറെയഴകു കിഴിക്കല്ലേ,

വഴിമുട്ടും  മനുജാ!  മരുത്തിൻ കരുത്തില്ലേൽ. 


Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

കർണ്ണികാരം

സീമ!