കോരൻ്റെ ചര്യ!
(സർപ്പിണി)
പത്മകാന്തനെഴുന്നള്ളീ പൂർവ്വേയായ്,
പത്മം പങ്കത്തിൽ ഹാസംതൂകീ നിന്നൂ.
പക്ഷിക്കൂട്ടമുണർത്തുഗീതം പാടി,
ഇഷ്ടഭൂപാളമാലാപനം ചെയ്തു.
താളം കൊട്ടുന്നു കൊക്കുകൾ ചേർത്തവർ
മേളവാദ്യം ഹാ!ശാഖിതൻ ശാഖമേൽ.
കോരൻ പെട്ടെന്നു കീറപ്പായ വിട്ടൂ
ചര്യതീർക്കാനായ് രാജിതമാംശ്രമം.
കാല്യംതൊട്ടവൻ മണ്ണിലന്തീവരെ,
ബാല്യംതൊട്ടവൻ ചെയ്തു പരിശ്രമം.
ശൂന്യം മൺചട്ടിയ്ക്കുള്ളിലാമാശയം
ന്യൂനം മക്കൾക്കു ഭക്ഷിക്കുമന്നവും.
നാടിൻ മൃത്തിക കോരനു താവളം
വീടിൻ ശോചനം കൂടെപ്പിറപ്പുപോൽ.
മണ്ണേകീടുന്നപൊന്നിൻ വിളയ്ക്കെല്ലാം
മണ്ണിൻ ജന്മികൾ മാറുന്നൂ ജന്മിയായ്.
കോരൻ ശോണിതമാവിയാക്കീടിലും
‘കോരാ! നിൻകഞ്ഞി കുമ്പിളിൽത്തന്നെയായ്!
കാലമിന്നങ്ങു കെട്ടുപോയ്, കഷ്ടമായ്,
കാലനാകുന്നു രാഷ്ട്രീയക്കോമരം.
സ്വന്തചിന്ത ഭരിക്കുന്നു ചുറ്റിലും
സ്വത്വം മാനിക്കുകില്ലാ ഭരിപ്പവർ.
എന്തുമേതും നരർ ചെയ്തു കാട്ടുന്നു
സത്യമാകില്ല ലോകകൃത്യങ്ങളും.
നാമായീടൊല്ല നോക്കുകുത്തീസമം,
നന്മകൊഴിഞ്ഞ കള്ളമറുത്തിടാം.
ഉണ്മയാൽ ശുദ്ധമാകട്ടേ പാരിടം,
പൊൻവിളക്കു കൊളുത്തിടാം പാരിലായ് .
മൃത്തിക-മണ്ണ്
Comments
Post a Comment