കഥാകൃത്ത്!

 

 

(മാവേലി)


കുത്തിക്കുറിക്കാൻ കഥകൾ നന്നായ്

കർത്താവു പൊൻപേന കൈയിലേന്തി.

കൃത്യം ബീജം ഹൃത്തിൻഗർഭത്തിലായ്, 

കർത്തവ്യംപോലെ കഥ ജനിച്ചൂ.


അംഗുലീയാഗ്രത്തിൽ കല്ലോലമായ്,

ഭംഗിയിൽ വാക്കുകളോടിവന്നു.

കാരുണ്യം,ദാരിദ്ര്യം, വിദ്വേഷങ്ങൾ

സർവ്വഭാവങ്ങൾ  കഥയിലെത്തി.


ആമാശയക്ഷാമം നോക്കിയില്ല,

ആമയമേകുമാശയം തേടീ.

കുത്തിയൊലിച്ചു വാക്കുകൾ വന്നു,

മുത്തായ് കഥാദേഹം രൂപംകൊണ്ടൂ.


ഇന്നുജനിച്ചോരു പൈതൽസമം,

പൊന്നാം കൃതി, കഥാകൃത്തു നോക്കി.

വാൽസല്യത്തോടെ താലോലിച്ചയാൾ,

ഉത്സാഹം നാമ്പിട്ടുവന്തരംഗേ.


തട്ടിമാറ്റി കാന്ത ദ്രവ്യപത്രം,

കട്ടിയിൽ ശകാരമേറ്റിയവൾ.

“കുട്ടികൾ പട്ടിണി, തിന്നാനില്ലാ

കിട്ടുമോ വിത്തം സാഹിത്യത്തിലായ്?


“അയ്യോ! നീ ചീന്തല്ലേ പത്രം, പ്രിയേ!

വയ്യ! ഈ കൃത്യം ചെയ്യുവാൻ വീണ്ടും.”

ചിന്തയിലാണ്ടുപോയ് കഥാകാരൻ,

പൊന്തിവന്നു വ്യഥ, പെയ്തു കണ്ണീർ.


ദ്വേഷത്തിൽ പേപ്പറവളെറിഞ്ഞു,

ഭാഷിതംചെയ്തു, കൂടി വിലാപം.

പിഞ്ചുകുഞ്ഞു സമം കാവ്യകാരൻ,

നെഞ്ചോടുചേർത്തു ചുരുണ്ട പത്രം.


ഗൂഢാർത്ഥമേറും രചന ഹൃദ്യം,

ഗാഢം പുണർന്നതു വായനക്കാർ.

പാരിതോഷികങ്ങൾ വൃഷ്ടിയായി,

വാരികക്കാരെത്തി നല്കി പണം.



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!