സത്തില്ലാത്താള്!

   

 (കേക)

 

എന്മനം ക്ഷണിച്ചപ്പോൾ നീ വിരുന്നുവന്നിതാ,

മന്മനോചിന്തകളും കവാത്തു നടത്തുന്നു.

വർഷമൊന്നല്ലനേകം മറഞ്ഞു പൊയ്ക്കഴിഞ്ഞു,

വർഷിക്കാം നിന്നോർമ്മകൾ, ഒന്നല്ലൊരായിരംതാൻ.

 

നിൻചുണ്ടിൽ വിരിഞ്ഞതാം മൂകമാം ഭാവരാഗം

എൻഹൃദന്ത,ത്തിലെന്നും ഓർമ്മതൻതേനരുവീ.

അന്നുനീ കാതിലോതീ;  ഏറെഹൃദ്യസന്ദേശം,

ഒന്നെങ്കിലും നീയുള്ളിൽ   ഭദ്രമായ് വച്ചിട്ടുണ്ടോ?

 

പ്രാണനാമെന്നെയോർക്കൂഎന്തെല്ലാം ചൊല്ലീനമ്മൾ?

പ്രാണനായ്ത്തന്നെയെന്നെ  കാക്കുമെന്നുംകഥിച്ചു.

ഞാനില്ലേൽ നീയില്ലെന്നും നീയില്ലേൽ ഞാനില്ലെന്നും 

അന്നെല്ലാം  ഉരുവിട്ടുഉരിയാടാനേറെയുണ്ട്.

 

മെല്ലെ തഴുകീ നിന്നെ, നിൻകോപം നിനച്ചു ഞാൻ,

ഇല്ലങ്ങനുണ്ടായില്ല, നിൻ വക്ത്രം ശോണമായി

മന്ദമാംവാതംസമം സ്നിഗ്ദ്ധം നീയും തൊട്ടെന്നെ,

ചന്ദനമ്പോലെ പ്രേമം ചക്ഷുസ്സിൽ ചാലിച്ചു നാം.

 

ആകാശം സാക്ഷിയായി ചന്ദ്രനും താരങ്ങളും,

അംബരക്കൊണ്ടൽ വൃന്ദം  കണ്ടല്ലോ നമ്മെ, സ്പഷ്ടം.

കാട്ടിലെ പാലച്ചോട്ടിൽ പലവട്ടമിരുന്നു,

പട്ടിൽ പൊതിഞ്ഞാശകൾ  കൈമാറി രസിച്ചൂ നാം.

 

ശാസനം ഗൃഹത്തിൽ നീ അധികം സഹിച്ചില്ലേ?

ഭാഷണം ശ്രവിച്ചില്ലേ നീരസശബ്ദങ്ങളിൽ?

ക്യാൻവാസിൽ നിന്റെപടം  ദിവ്യമായ് പകർത്തി ഞാൻ

എന്നെന്നും കാണാനായി   സ്ഫടികക്കൂട്ടിൽ വച്ചു.

 

കെടുത്തീ നിത്യമായ്  നീപ്രേമത്തിൻദീപനാളം,

പടക്കം തോൽക്കുംവിധം  നീവചിച്ചെതിർശബ്ദം.

എനിക്കുണ്ടാധിയേറെഗ്ളാനിതൻ ഓർമ്മപ്പൂവാൽ,

നിനക്കായോർമ്മമാല്യം  കോർക്കും ഞാൻ  സമ്മാനിക്കാം.

 

സ്നേഹത്തിൻചെപ്പു പേറി ഞാൻ വന്നു പലവട്ടം,

നിന്നെ വീക്ഷിച്ചീടാനായ്  കണ്ടു ഞാൻ മോഹസ്വപ്നം.

സ്വത്തിൻപെട്ടിയ്ക്കുടമ വന്നു നിൻകാന്തനായീ,

സത്തില്ലാത്താളായിഞാൻ എൻ കിട്ടാക്കനവുനീ.

 

 

വിപ്രലാപം*- എതിർപ്പ്

ലപനം*          - മുഖം

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!