പഴയകാലം!
പഴയകാലത്തെ ചരിത്രം കേൾക്കൂക
പുഴ, വയലുകളിണകളായ്, സുഖം.
അഴകേറുന്നൊരു തരുണിയാം ഭൂമി,
മഴമേഘങ്ങൾതന്നടുത്ത സുഹൃത്തായ്.
കഴിവുള്ളമക്കൾ കരുതി ധാത്രിയെ ,
അഴലില്ലാക്കാലം വളരെ ഘോഷിച്ചു.
വയലിൻവായിക്കും മഴതൻ ചാറ്റലും,
വയൽക്കിളികളും നിരന്നന്നു നിന്നു.
ഹരിതത്തിൽ ചേല ‘വെൽവെറ്റുപോലവേ,
പരിശുദ്ധമായി ധരിച്ചുനിന്നവൾ.
വരിയിൽ കൊക്കുകൾ വെളുത്ത സാരിയിൽ,
വരമ്പിൻ വാസക്കാർ ചെറുപുല്ലും വാണു.
സമൃദ്ധം മൗലിയിൽ മുടിപേറും കേര-
മമൃതകുംഭങ്ങൾ നിറയെ തേൻനീരും,
ചുവന്നകല്ലിൻറെയടയ്ക്കാമാലകൾ,
കവുങ്ങു ഗളത്തിൽ ധരിച്ചാടീ നിന്നു.
പുതിയകാലത്തായ് മിഴിവാം ദേശത്തെ,
ചതിചെയ്തു നാശം വരുത്തിക്കൊല്ലുന്നു.
ഉതിരില്ലാ കതിർ, നിലം മരിച്ചുപോ-
യുതിർത്തതിലിട്ടു വലിയകുന്നുകൾ.
മനുജരേ! നിങ്ങളറിഞ്ഞുവോ ഭൂമാ
മിനുങ്ങിടും ശാന്തി നിറുത്തും തരില്ല.
മനം നിറച്ചിടാം നലമാം ചിന്തയാൽ,
സ്വനം മൂളാം താളം പ്രകടമാക്കിയും.
(വൃത്തം -അന്നനട)
Comments
Post a Comment