നീരിൻധാര!




(വൃത്തം-സർപ്പിണി)


പേരു പേറുന്ന   കേരളം ദുഃഖത്തിൽ,     

പാരിൽ വർഷം വികസിച്ചു നിൽപ്പായി.

ആഴം  തൊട്ടല്ലൊ   ജീവികളൊത്തിരി,  

കേഴും  സ്വരങ്ങൾ  വീഴുന്നു   കർണ്ണത്തിൽ.

 

മോഹംകൊണ്ടങ്ങൊരുക്കിയ ഗേഹങ്ങൾ,

ആഹമില്ലാത്ത ദേഹങ്ങൾ  പോലെയായ്.

കഷ്ടം പെട്ടുപോയ്  കിടാങ്ങളും വൃദ്ധരും,

ദുഷ്ടത കാട്ടി കൊണ്ടലിൻ ജാലങ്ങൾ.


മുൻപുള്ള ദിനേ നന്നായ് രസിച്ചവർ 

ഇന്നെങ്ങുപോയി,  കാണുവാനില്ലല്ലൊ 

വക്ത്രത്തിൽ തൃപ്തി ശോഭിച്ചു നിന്നവർ,

വാനത്തിൻ കോപo, നാകലോകം പൂകി.

 

പിച്ചവയ്ക്കുവോർ  നാഥനില്ലാതെയായ്,

അച്ഛനമ്മമാർ എങ്ങോ മറഞ്ഞുപോയ്.

വാർക്കുന്നു, കണ്ണീർ എല്ലാജനങ്ങളും

ചർച്ചയില്ലാ, നിശബ്ദമായ് രക്ഷിക്കൽ.      


ജ്ഞാതിയില്ലാ, വയസ്സരനാഥരായ്,

പാതിയോജസ്സു പൊയ്പ്പോയപോലെയായ്. 

ആജ്ഞശബ്ദങ്ങൾ നേരത്തെ  ചൊല്ലിയോർ,

പ്രജ്ഞയറ്റപോൽ,പ്പാരിൽ കാണപ്പെട്ടു. 


തെങ്ങുകൾ  മറ്റുപാദപം  വല്ലികൾ 

മുങ്ങി, സസ്യമനേകം മറഞ്ഞുപോയ്.

വെള്ളം  അധികമായതിൻ   കഷ്ടങ്ങൾ,

കൊള്ളാതെയായി  വീടുകൾ, വീണുപോയ്. 


മാരി!  നീരിന്റെ നാഥാ! മതീ, മതീ

പാരിൽ ക്ലേശങ്ങൾ; വേണം നിവാരണം.

എന്തുചെയ്യേണ്ടു  പാത ചിത്തേയില്ല,

നൊന്തുവേവുന്നു ഉള്ളം മനുജന്റെ.

 

ഭള്ളു കൂടിയോർ  മാന്യർ  ചമഞ്ഞവർ 

കള്ളത്തരത്തിൽ മന്നിടം ചീന്തിടും.

നാശമേറുന്ന  ദൃശ്യങ്ങൾ വിസ്തൃതം,

കർശനം, വിശ്വനാശം കുറയ്ക്കണം.


ഈശ്വരാ! വേണ്ട  വ്യാകുല പർവ്വങ്ങൾ,

ആശ്വസിക്കട്ടെ മായിക്കു  ഗ്ളാനിയെ   

കുട്ടികൾ, വൃദ്ധർ, സർവ്വരും  കേഴുന്നു,

കാട്ടീടു കൃപ ഞങ്ങളിൽ സന്തതം.





 



 



  






Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

കളിവിമാനം!