മാ നിഷാദ!



 

(നതോന്നത)

 

'മാ നിഷാദ പ്രതിഷ്‌ഠാം! ഹാ!…'

    കാരുണ്യത്തിൻ കാവ്യരൂപം,

മാനമായ് മേവുന്നൂ ഭൂവി-

       ലാദിശ്ലോകമായ്.

  ആവാസവ്യവസ്ഥാബന്ധം      

    പ്രാധാന്യതാപൂരിതമായ്,

  ആദ്യമായ് വാല്മീകി ചെയ്തു

          പാരിടത്തിലായ്.

     

രത്‌നാകര നാമാങ്കിതൻ,

      വേടനന്യർകാക്കും മുതൽ,

കാന്താരത്തിൽ വാസം ചെയ്തു  

        ചോർത്തി ജീവിച്ചൂ.

 രത്‌നാകരനാണെങ്കിലു-

         മില്ലാ തെല്ലും രത്നം കൂട്ടായ്,

സപ്തർഷികൾ പാവനമാ-

        യെത്തീടുംവരെ.


പുത്രരും കാന്തയും ചൊല്ലീ,

 “താൻ താൻ ചെയ്യും കർമ്മം നിത്യം,   

കൃത്യം കർമ്മബന്ധഫലം

    സ്വയം ഭക്ഷിക്കും.”

 മാമുനികൾ ചൊല്ലീയോതാൻ,

  “ 'ആ മര,മീമര'മെന്നും

മാലിന്യത്തേ തൂത്തുമായ്ച്ചു

         മരം രാമനായ്.

     

അജ്ഞതയ്ക്കോ സ്ഥാനം പോയി

     പുല്കി ഗാത്രം *നാകൂദരം,

വിജ്ഞാനനെയ്ത്തിരികത്തി 

     കാട്ടുവാസിയിൽ.

സാന്ദ്രമാം വൻകാട്ടിന്നുള്ളിൽ

     പ്രാജ്ഞരെത്തീ പില്ക്കാലത്തായ്

സന്ദർശിച്ചൂ കാടനേയും

       പുറ്റും പൊട്ടിച്ചൂ.


വാല്മീകംമൂലം താപസർ

    കാടന്നേകീ ദിവ്യമായി,

 വാല്മീകിസമ്മാനസംജ്ഞാ,

      ഋഷിയായ് വേടൻ.

വേദമൂല്യം പൊന്തിവന്നു

      സാധുവിന്റെ ചേതസ്സിലായ്,

ആദിശ്ലോകബീജാവാപം 

      ചെയ്തൂ മാമുനീ.


ദേവർഷി ശ്രീ നാരദരും  

     വാല്മീകിക്കു രാമതത്ത്വം, 

ദേവഭാഷ സംസ്കൃതത്തിൽ

      നല്കീ വശ്യമായ്.

വാല്മീകിതൻ ബുദ്ധിയിലായ്

     ജനിച്ചു ജ്വലിച്ചുനിന്നൂ,

കല്ലോലമായ്  രാമായണ-

      ശീലുകൾ ദിവ്യം.


പൂവിട്ടു രാമപ്പൂമരം

    നില്പൂ ഭൂവിൽ  പാവനംതാൻ,

പുഷ്പംപോലേകാൻ സുഗന്ധം 

        മർത്ത്യാന്നു ശീലാൽ.

മാനവർക്കു മാർഗ്ഗദർശി

     രാമായണകാവ്യജന്മം

മാലിന്യത്തിന്നേകില്ലൊട്ടു-

       മാശ്രയം ഹൃത്തിൽ.


രാ മായിക്കും രാമായണം 

      മാനുഷമാനസ്സങ്ങളേ,

നിർമ്മലമാക്കുവാൻപോരും 

       പുണ്യമാം യന്ത്രം.

മന്നിൻ  ഭൂഷ  രാമചന്ദ്രൻ!     

    ശ്രീമതി സീതാസമേതം 

മാനസത്തിൽ ശോഭിക്കുന്നു

     ആര്യമാവുപോൽ.

 

*നാകൂദരം=പുറ്റ്


സരള ഡി ഇറവൻകര

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!