സഹ്യൻറെ ആത്മാവ്!

 


 

( വൃത്തം - കേക) 



 പശ്ചിമ മഹീന്ദ്രത്തിൻ  

            *വിഗ്രഹം ബഹുകേമം,

സഞ്ജാതനായിതല്ലോ 

           കേരമാമാലയത്തിൽ.

സഞ്ചാരം ചെയ്തീടുന്നു 

            വാരുണിഖണ്‌ഡം താണ്ടി,

സഞ്ചരണംതീരുന്നു   

              ദ്വാരകാപുരിദേശേ.

 

മാമരം, സുമങ്ങളും 

                മൃഗങ്ങൾ, ഖഗങ്ങളും

മാമേരുസഹ്യന്നുടെ 

              സത്തല്ലോ ഭാരതത്തിൽ.

കാറ്റിൻ വരവങ്ങനെ

             താളത്തിൽ ചരിഞ്ഞാടി

ചാറ്റൽമഴയും കൂടും 

              സംഗീതമ്പൊഴിച്ചീടും.


മഞ്ജരിത്തിളക്കത്തിൽ 

               പാരിജാതപ്പൂക്കളും,

മഞ്ജിമ തൂവീടുന്നു  

              സുഗന്ധസൂനമൊപ്പം.

 അദ്രിതൻ മാറിൽക്കേറി 

              മേയുന്ന മർത്ത്യഭ്രാന്തർ,

വിദ്രോഹം കാട്ടീടുന്നു  

             ശങ്കതെല്ലുമേയില്ല.


വിദ്രോഹിയ്ക്കുണ്ടു  ലക്‌ഷ്യം 

         കുന്നോളം ധനം മാത്രം

*വിദ്രുമത്തോടെ വെട്ടും  

                വളരുന്നു വരേണ്ട ദ്രുമം.

 പശ്ചിമദിക്കിന്നുള്ളം 

            വേവുന്നു നൊമ്പരത്താൽ

പദ്‌മിനീകാന്തൻപോലും 

                ഉദയം മറന്നുപോയ്.

 

മാധവഗാഡ്ഗിലിന്റേം     

                കസ്തൂരിരംഗനുടേം

സാധനചെയ്തുനെയ്ത 

                 പ്രസ്താവം തള്ളീ നരൻ.

നിന്നുടെയാലയങ്ങൾ 

                   പേമാരി ഭോജ്യമാക്കും,

നിന്നുടെയാത്മജരും 

                    ഗ്രാവവുമിഹംവിടും.

 

നാളെയായ് വരുവോർക്കു 

                     ജീവിതസുഖംവേണം,

പാളിച്ചയേറ്റീടൊല്ലാ

                    ചെയ്യേണ്ടകർമ്മങ്ങളിൽ.

*അഗത്തിന്നാത്മാവല്ലേ 

                    പ്രകൃതിവിഭവങ്ങൾ,

*നഗത്തെ കാത്തീടേണം 

                      ദിവ്യമാംഭാവപൂർവ്വം.

 


വാരുണി  =  പശ്ചിമദിക്ക്  

വിഗ്രഹം   =ശരീരം

വിദ്രുമം     =കൂമ്പ്, മുള 

അഗം, നഗം=പർവ്വതം

 

 സരള  ഡി ഇറവങ്കര 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!