മാരിവില്ല്!
(വൃത്തം - നതോന്നത)
മാരിവില്ലിൻ ചേലോർത്തപ്പോൾ മേഘപ്പെണ്ണിന്നത്ഭുതമായ്
വർണ്ണരാജിക്കുപ്പായത്തിൽ മോടിയിൽ നിൽപ്പൂ.
വൃഷ്ടികളോ സ്വന്തം ചാപം വാനിലായി സൂക്ഷിക്കുന്നു,
തോഷപൂർവ്വമാസ്വദിപ്പൂ വില്ലിന്നാഭ ഭൂ.
അത്യധികം ശോഭയോടെ ശീർഷംപൊക്കീ വിൽ നിൽക്കുന്നൂ
പിന്തുണയോടുണ്ടു കൂടെ ചിത്രഭാനുവും.
ശ്രീവാസരാധീശൻ മെല്ലെ സ്വന്തം രശ്മികളാൽ തീർപ്പൂ,
തൂവെള്ളത്തുള്ളിയും ചേർന്നു വർണ്ണത്തിൽ ചിത്രം.
യോഗയ്ക്കായി കുനിഞ്ഞോ നീ, അതോ രൂപം കുബ്ജപോലോ,
ആഗോളതലത്തെ കാണാൻ എത്തിനോക്കുന്നോ?
എന്തായാലുമാഭയോലും നിന്നുടെയാകാരം സർവ്വർ
ഏതുദിക്കിലാണെങ്കിലുമാസ്വദിച്ചീടും.
സ്വർഗ്ഗത്തുള്ള സുരർക്കായി നീ പോയി കൊടുക്കുന്നുണ്ടോ
പാർത്തലം നല്കും സന്ദേശം ലോകനന്മക്കായ്?
അതുപോലേ വിണ്ണോരിലെ നാഥന്മാരുടെയാജ്ഞകൾ
ധാത്രിക്കായി നീ പേറുന്നോ താഴേക്കെത്തിക്കാൻ?
ഇന്ദ്രൻറെ വിൽ, താരകങ്ങൾ, ശശാങ്കൻറെ സുഹൃത്തായ
ചന്ദ്രികയുമെത്തും മാനം എത്ര രുചിരം.
ഈശ്വരനും ജീവികൾക്കായ് പ്രപഞ്ചത്തിൽ നിറയ്ക്കുന്നു,
ആരഭി, കല്യാണി, രാഗം മാധുര്യമോടേ .
താളവും നിറച്ചൂ ചേലായ് ശാശ്വതം തോഷമേകുവാൻ,
നീളേ നീളേയെവിടെയും സംഗീതധാര.
താളം, ഈണം, എല്ലാം പോകും ശ്രദ്ധ നമ്മൾ വയ്ച്ചില്ലെങ്കിൽ,
മേളമോടെ ജീവിക്കും നാം വീഴും കൂപത്തിൽ.
Comments
Post a Comment