സഹസ്രാബ്‌ദയാത്ര!
അന്നനട
അഹോരാത്രങ്ങൾതൻ പിറകിലേയ്ക്കു നാം
സഹസ്രാബ്ദയാത്ര പവിത്രമായ് ചെയ്യാം.
പ്രിയഗൗതമനായ് അഹല്യ സൂക്ഷിച്ചു
തനു, മനം, ചിന്ത സദാമുദത്തൊടേ.
നനുത്തചർമ്മവും സുരൂപദേഹവും
നടത്തംമോഹനമരയന്നംസമം.
അഴകിന്നഗ്രത്തിൽ പവിഴമല്ലിയായ്
പൊഴിച്ചു സൗരഭ്യം നിറച്ചു ആൺമനം.
വനവല്ലികളും കിളിജാലങ്ങളും
മനംകൊണ്ടവളേ അനുഗമിച്ചുപോയ്.
മരുത്തിന്റേ ഹൃത്തുമഹല്യയിലെത്തി,
പറയേണ്ടതുണ്ടോ പുരുഷന്റെ കാര്യം!
അഖണ്ഡരാജനാം പുരന്ദരൻമോദാൽ,
അഖില സുന്ദരി, അഹല്യേ കാമിച്ചു.
ശരീരശുദ്ധിക്കായ് ഋഷിയാം ഗൗതമൻ
അരുണോദയത്തിൽ നദിയിലേക്കു പോയ്.
ഇനനുണർന്നില്ലാ സമയമായില്ലാ,
മുനി കുളിച്ചില്ലാ തപോവനേയെത്തീ.
വസനമ്മാറ്റിയകളേബരവുമായ്
*വലാരാതി നിന്നൂ അഹല്യയ്ക്കൊപ്പമായ്.
വലിയ ഭീതിയായ് ഇരുവർക്കുമുള്ളിൽ,
വരുംവരാഴിക ഹൃദിയെത്തിയില്ല.
അതികോപതാപം തപസ്വിയിലിറ്റു
അതികർക്കശമായ് ശപിച്ചു മാമുനി.
“സഹസ്രവത്സരം ദൃഷത്തായ് മാറട്ടെ
സഹസ്രഭഗനായ് ഭവിക്ക നീ ശക്രാ!”
ഹരിതൻ പാദങ്ങൾ പതിയെ ശിലയിൽ
ഒരുകുറി തൊട്ടു ശിലയഹല്യയായ്.
ഒരുശങ്കയുണ്ടേ വനിത കാമിച്ചോ
മരുത്വാന്റെ ഭംഗി, മറന്നോ കാന്തനെ?
വനത്തിൻ മാനിനി സ്വയം മറന്നതോ,
നിനവില്ലാക്കർമ്മം വിനയായ് വന്നതോ?
സുമുഖിമാരിന്നും അഹല്യതുല്യരായ്
സുചിന്തകൾവറ്റി കുഴിയിൽ വീഴുന്നു.
അനർഹപ്രണയം വിഴുങ്ങും ധർമ്മത്തെ-
യിണകൾക്കു മൃത്യു മടിയില്ലാതേകും.
ജനനിനാമത്തിൻ പവിത്രതയിലും
കനിവില്ലാപ്രസു കളങ്കം ചാർത്തിടും.
വിഴുങ്ങുന്നൂ നീതി, തരംനോക്കിമർത്യൻ,
വഴികാട്ടൂ ദേവാ! കരം കവർന്നു നീ.
മഹീഭൃത്ത്= രാജാവ്
പുരന്ദരൻ, *മരുത്വാൻ, വലാരാതി, *ശക്രൻ,= ഇന്ദ്രൻ
ദൃഷത്ത്= കല്ല്
Comments
Post a Comment