ഓണത്തുമ്പി




പൊൻഘോഷവാസരം ചാരെയെത്തീ   

പൂനിലാപ്പൊയ്കയിൽ മുങ്ങിപ്പൊങ്ങി.

മാവേലിമന്നനെ സ്വീകരിക്കാൻ, 

മാനസത്തിൽ തങ്കപ്പൂക്കളങ്ങൾ.


പൂവിൻകരം കോർത്തു ഓണത്തുമ്പി,

പെൺകൊടിത്തോഴിയെ കണ്ടുനിന്നു.

അത്തക്കളത്തിലായ്  നൃത്തം ചെയ്യാൻ,

ചിത്തിരപ്പൂവിൽ താളം നിറഞ്ഞു.


കുട്ടിസംഘം ഹാജർ മാഞ്ചോട്ടിലായ്,

കട്ടിമാവുമൂപ്പൻ കൂടെയാടി.

ഊയലാടാൻ മൊത്തം കുഞ്ഞുകൂട്ടം,

ഉണ്മയോടാമ്രത്തിൻ ചോട്ടിൽനിന്നു. 


വഞ്ചിപ്പാട്ടിന്‍ മേളം 'തിത്തോം തിത്തോം',

തഞ്ചത്തിലായ്  പാടി കുട്ടിവ്യൂഹം.

തിത്തിത്താരോ പാടും കൂട്ടരൊപ്പം,

തത്തിക്കളിക്കുന്നതാര്യമാവും.


ഉത്രാടരാവതാ കാത്തുനില്പൂ,

എത്രയും വേഗം മന്നൻ വരാനായ്.

ഓരിയിട്ടെത്തുന്നു കുഞ്ഞുമാരി,

ഓമൽത്തുള്ളിയാൽ പനീർതളിക്കാൻ.


ഓണക്കാറ്റു മൂളിപ്പാട്ടുപാടി,

ഓടിവരുന്നു വീക്ഷിക്കാൻ സർവ്വം.

ഇന്നിതാ  കൃത്യമായ് ഓണനാളിൽ

വന്നു മാവേലി മഹാമനസ്കൻ.


പണ്ടത്തെ തങ്കമാമോണക്കളി ,

കണ്ടില്ല, മാധ്യമം തന്നിൽ തേടി.

ഓണം കാണ്മാൻ ശ്രീ മഹാബലിയും ,

ഫോണൊന്നുവാങ്ങി ഓണക്കിഴിവിൽ.


(വൃത്തം - മാവേലി)


Comments

Popular posts from this blog

പാവനനാമം!

കർണ്ണികാരം

ഏകാന്തയാത്രികൻ!