വാസുക്കുട്ടനും ഓണം വന്നു!

 വാസുക്കുട്ടനും  ഓണം വന്നു!



(വൃത്തം - മാവേലി)


ഓണക്കാലംവന്നു  സ്കൂളുംപൂട്ടി

വാണംകണക്കോടി   കുട്ടിക്കൂട്ടം. 

ഊയലാടീയവരാമോദിച്ചൂ ,

കായം   പുൽകീ  നൂനം  ശാഖകളേ.


കാറ്റും  മഴമുത്തും  കൈകൊടുത്തൂ,

കാറ്റിൽപ്പറന്നൂ വെയിലിൻ വേഷ്ടി.

ഉൽസാഹഞാണൊലി കേൾക്കാം ചുറ്റും

കേളിതന്നാരവമാർപ്പോകളും.


പുഷ്പത്തേ വട്ടിയുറക്കി മാറിൽ,  

കഷ്ടംവിനാ ധ്യാനം ചെയ്തവരും. 

കുട്ടികൾ പൂക്കളാംകൂട്ടുകാർക്കായ്,

മുറ്റത്തിൻ മധ്യേ കുർസി*യൊരുക്കീ.


വാസു തീർത്തതൊരു കുഞ്ഞുകളം,

ചാരുതചേറിയ  പൊൻകണിപോൽ. 

പാത്രങ്ങളാദ്യത്തെ സദ്യയുണ്ടു, 

പത്രങ്ങൾ സദ്യയേ ഏറ്റെടുത്തു.


പപ്പടപ്പാട്ടും  പൊടിപൊടിച്ചൂ,

പായസം മുഖ്യനായ് ഗർവ്വിൽ നിന്നൂ.

കൊയ്തുമെതിയിൽ ലഭിച്ചതെല്ലാം

കയ്യിൽക്കൂട്ടിവച്ചു  കാർത്തികേയൻ.


പാതിമെയ്  തീർത്തവിടൂണിൻപുണ്യം,

പോയില്ലപുത്രനാം വാസുവുണ്ണാൻ.

വാസുവിൽ സ്വപ്നങ്ങൾ പൂത്തുനിന്നു

വാസം ചെയ്യേണം പുത്തനുടുപ്പിൽ.


അന്നവൻ കാത്തു പുതുസുഗന്ധം,

നൊന്തു പിതാവിൻ്റെയുള്ളമയ്യോ!

കുട്ടിക്കണിയാനുള്ള  നിയോഗം,

തൊട്ടുള്ള വീട്ടിലേ വൃദ്ധവസ്ത്രം. 


കഷ്ടങ്ങൾ കുട്ടിക്കെത്തിച്ചു ബോധം,

ഇഷ്ടം വസിപ്പതു സ്വത്തിനൊപ്പം.

അഞ്ജസാ വാസുവിന്നുള്ളം കാളി

അജ്ഞാനം മായ്ച്ചച്ഛനേ നമിച്ചു. 


ആശ്വാസ  ശബ്ദം വാസു ചൊരിഞ്ഞൂ, 

"അദ്ധ്യയനത്തേ  ഞാൻ   മിത്രമാക്കും."

"പൊങ്ങിപ്പറക്കും ഞാൻ വിദ്യക്കൊപ്പം,

മങ്ങില്ലെൻ  മോഹം," ഉറച്ചു വാസു.

Comments

Popular posts from this blog

പാവനനാമം!

ആരെ വന്ദിപ്പൂ

ഏകാന്തയാത്രികൻ!