വറുതിദുരിതങ്ങൾ!
(വൃത്തം- അതിസമ്മത)
ഉദയസമയം വരുംവേളതൻ ശ്രദ്ധയിൽ
സദയമുണരുന്നിതാ ഭൂമിയും മക്കളും.
കുടിലുകളിൽ ദു:ഖങ്ങൾ ചേറിടും വൃഷ്ടികൾ
കടലലകൾ പൊക്കുകേം താഴ്ത്തുകേമാണിതേ.
മിഴികളടയില്ലയാ വീട്ടിലായഞ്ജസാ,
അടിയടികൾ വച്ചയാൾ പോയിടും മീനിനായ്.
മരമതിലെ വേരിലായ് കെട്ടിടും നൗകയേ
അരുമശിശു തുല്യമായ് സ്നാനവും ചെയ്തവൻ.
ഉദരദുരിതങ്ങളും നല്കി ഹാ! കത്തലാൽ,
അഴലുമവനേറിയും ബോട്ടിറക്കീ ജലേ,
നിശയവനെ പട്ടിണിക്കൊപ്പമായ് ചേർത്തതും,
നിശിയിലെ സുഷുപ്തിയും പോയൊഴിഞ്ഞൂ സ്ഥലം,
ചെറുതനയർ ഭക്ഷണം തേടിയും നില്പതാ,
ഉരുവിടുകയാണവർ, “കൊണ്ടുവാ തിന്നുവാൻ.”
ഇരുതളിക നോക്കിയാമാശയം ശൂന്യമായ്,
ഒരുപിടിയരിക്കുമായ് ‘ഗാന്ധിയേ’ തേടിനാൻ.
കടലല മനസ്സിന്നുളളിലായോളത്തിലായ്,
അടിപിടിയിൽ ശോഭിതം നോദകാരീയമായ്,
കരുണപൊഴിയാനുമായ് തോണിതന്നുള്ളിലായ്,
പരിമിതികുറയ്ക്കുവാൻ, ചെയ്തവൻ പ്രാർത്ഥനം.
പരിചൊടു സുവീഥികൾ കാട്ടണം ജീവനിൽ,
കരിമുകിലൊഴിഞ്ഞു നല്കീടുവാൻ ദീപ്തിയും.
കുറവുകൾ വരാന,ഭാവങ്ങളിൽ സർവ്വദാ,
വറുതികൾ കുറച്ചിടാൻ, കഷ്ടമാം ജീവനിൽ.
വലകളിൽ നിറഞ്ഞിടാൻ മത്സ്യവും നിത്യമായ്,
"വഴികൾ നലമാകണേ, ദേവ!" അർത്ഥിച്ചവൻ.
ഹരിയുടെ പദങ്ങളെക്കണ്ടവൻ നിന്നതും
ഹരിയുടെ സുനിശ്ചിതപ്പുഞ്ചിരി മുന്നിലായ്.
അരിയ വടവൃക്ഷ,പാർശ്വത്തിലും ധ്യാനമായ്,
വരവുമറിയിക്കണം ശൗരിതൻ മുന്നിലായ്.
ഒരുപരിധിയൊക്കെയും ഗീതികൾ പാടിനാൻ,
ഹരിയുടെ സുദർശനം നല്കി നൽശാന്തിയും.
Comments
Post a Comment