എൻ്റെ കൊച്ചുകേരളം!
വൃത്തം-ഓമനത്തിങ്കൾ
കേരളം നമ്മുടെമാതാ നോക്കൂ,
ആരോടും കാട്ടില്ല ക്രോധം.
ഭാർഗ്ഗവരാമന്റെ ദത്താം പുത്രി
സ്വർണ്ണതല്പത്തിലായ് സുപ്തി.
സംജ്ഞസമ്മാനിച്ചു കേരം വശ്യം,
സംശുദ്ധയാണമ്മ നിത്യം.
പച്ചവർണ്ണക്കുപ്പായത്തിലംബാ
നിശ്ചയം തൂമയോലുന്നൂ.
കാടുകൾ, തോടുകൾ, മേടും ഹൃദ്യം
കാട്ടാറും പാടുമൊരീണം.
കർഷകർ പാടത്തുണ്ടാക്കും തങ്കം
കാമ്യമായമ്മയ്ക്കു സ്വത്തായ്.
കച്ചിതൻ കൂനയും കൊഞ്ചുംകാറ്റും
കൊച്ചുകുട്ടികൾതന്നോട്ടം,
പിച്ചകം,ചെമ്പകം കാട്ടും പ്രേമം
കാഴ്ചയ്ക്കു നല്ലൊരു മേളം.
പുഞ്ചപ്പാടനെല്ലു ചെയ്യും നൃത്തം
പുഞ്ചിരിതൂകുന്ന പുല്ലും,
പഞ്ചമം പാടും കുയിലും മിത്രം
നെഞ്ചകത്തുതന്നേ വാസം.
മന്ദാരം। മുല്ലയും തെച്ചിപ്പൂവും
ചന്തത്തിൽ രസിച്ചു നില്പ്പൂ .
പാറിപ്പറക്കുന്ന പ്രാവുമെത്തും,
കാറുന്ന കാക്കക്കുറുമ്പും.
മാവിന്റെ മേനിയിൽ മേവുമണ്ണാൻ
മേനിയിൽ ചാടുന്നവീരൻ.
മാരുതൻ വൈകുന്നനേരം പ്ലാവും
മങ്ങും മനസ്സുമായ് നില്ക്കും.
ഹാസ്യത്തിൽ ഹാസം പൊഴിക്കും സൂര്യൻ
സസ്യങ്ങളെ ഹൃദ്യം പുൽകും.
വാനം വീഴ്ത്തീടും പീയൂഷവാരീ
കാനനസ്വാസ്ഥ്യത്തിൻ ഹേതു.
പണ്ടുള്ള കാര്യമുരച്ചു പക്ഷേ-
യുണ്ടോയിന്നീവിധം കാഴ്ച?
ഇന്നു കണ്ടീടുമവസ്ഥയയ്യോ!
കുന്നുപോലെ നഷ്ടം ചുറ്റും.
മാലിന്യം മല്ലിട്ടുനില്പൂ, വീറായ്
കാളകൂടവും വമിപ്പൂ.
ഭൂവിൻ്റെ നോവു മാറ്റേണം നമ്മൾ
ഭാവിയേ ശോഭനമാക്കാൻ.
Comments
Post a Comment