മാന്ത്രികക്കൈ!
(നതോന്നത )
കുട്ടിക്കാലം തൊട്ടുതന്നേ കൊട്ടുകൾക്കു കൂട്ടുകാരൻ
കൊട്ടും പാട്ടും മേളവുമായ് വളർന്നുബാലൻ.
വാദ്യകലയ്ക്കാത്മാവായി വാദ്യത്തിൻറെ ഭൂഷയായി,
വാദനത്തിൻ താതനായി നിലയായ് മാന്യൻ.
സാക്കിർ ഹുസ്സയിൻ നാമവാൻ തബലാനരേന്ദ്രനായി,
സാരമായതാളഗാനവാദ്യകാരനായ്.
ഹൃത്തുകളിൽ വീടുവച്ചു കുടിയേറി പാർത്തുപോന്നു
പുത്തനായി തന്ത്രങ്ങളേ മനഞ്ഞൂ ശ്രേഷ്ഠൻ.
തന്ത്രങ്ങൾ കാച്ചിക്കുറുക്കി സത്തെടുത്തു ശ്രോതാക്കൾക്കു
സൂത്രരീതിയിൽ വിളമ്പി നൈപുണ്യപൂർവ്വം.
വേദികളേ മാറ്റിമാറ്റി ദേശങ്ങളെ കീഴടക്കി
വേദതുല്യമല്ലോ വിദ്യാ പ്രീതിയേറെയായ്.
സാക്കിറിന്റെയാഗമനം വാദ്യഹൃത്തിൽ തോഷം കൊട്ടും
സൂക്ഷ്മമായ് തബലവാദ്യമാജ്ഞകൾ കേൾപ്പൂ.
മാന്ത്രികക്കൈ നെയ്തുകൂട്ടി ഗാനജാലം മഞ്ജുളമായ്,
സ്വന്തവാദ്യങ്ങളൊഴുക്കീ തേൻപോൽ ഗീതങ്ങൾ.
സമ്മാനങ്ങൾ മത്സരിച്ചൂ ഉസ്താദിലായെത്തിച്ചേരാൻ
ഗ്രാമ്മി, മൂന്നു പദ്മങ്ങളും കരംകൊടുത്തു.
ശ്വാസരോഗം കൂടെക്കൂടിസ്പർദ്ധകാട്ടിയേറെനാളായ്,
കാസരോഗത്തിൻ സമാനം ബന്ധനം ചെയ്തു.
ശ്രാദ്ധദേവൻ ഹുസൈയിനു സ്വർഗ്ഗത്തിൽ തടങ്കലേകി
ശ്രദ്ധാപൂർവ്വം ചെയ്ത രത്നതാളങ്ങൾ മഞ്ഞു.
സാക്കിൻറെ വിയോഗത്തിൻ ചിന്തിച്ചുനോക്കീടിൽ കിട്ടും
സഹ്യനേക്കാൾ മുഴുപ്പുള്ള നഷ്ടക്കണക്കും.
ഹൃദത്തിലായ് സൂക്ഷിച്ചു വാദ്യം നാഥൻ്റേതാം കൈവഴക്കം,
ഒത്തുവരുമ്പോൾ താളങ്ങൾ സ്വയം കൊട്ടുവാൻ.
ശിഷ്യഗണം പാരിലായി ഗുരുവേകിയ ചൈതന്യം
പുഷ്യരാഗമ്പോൽ തിളങ്ങാൻ നിത്യം ശ്രമിക്കും.
മിന്നാമിന്നികൾ കണക്കേ ഹൃസ്വമായ ഭൂജീവിതം
ധന്യമാക്കി , ജഗത്തിലായ് മാതൃകയായീ.
സ്വർഗത്തിൽ താളവാദ്യങ്ങൾ നിർമ്മലം വായിക്കുന്നുണ്ടാം,
ദ്വേഷം വിനാ വസിക്കട്ടെ ശാന്തി നേരുന്നു.
Comments
Post a Comment