ഹരിശ്രീ!

 


(വൃത്തം-നിർഝരി)



അറിവിനായതാ ക്ഷേത്രം തന്നിലായ്,

അമൃതമായ് ‘ഹരി,ശ്രീ’കുറിക്കുവാൻ,

അമിത ഭക്തിയിൽ ശിശുവിനായ് ദൃഢം,

അതിവിശുദ്ധമായർത്ഥിച്ചൂ നരൻ,


“അരിയയക്ഷരം നിറങ്ങൾ ചാലിച്ചും,

അരുളു അംബികേ! എൻ കുരുന്നിനായ്.

 അകമെയുള്ളതാമജ്ഞതാ ശില,

അകലെയാക്കണേ തള്ളിമാറ്റണേ.


അരുമയായി വിജ്ഞാനവല്ലികൾ 

അതിവിശാലമായ് വളരണേ വാണി!

അതു മാതെ! വശ്യം പടരണേ കുഞ്ഞിൽ,

അതിനുവേണ്ടി നീ ചൊരിഞ്ഞിടു കൃപാ.


അവനു നല്കണേ ഗ്രാഹ്യനൗകയും,

അനുഭവക്കടൽ ലളിതം തുഴയുവാൻ.

അലസകാര്യത്തിൽ വേണ്ടാ മിത്രതാ

അധികപാടവം പാകനായ് നല്കു.


അണയണം സത്തു നിറയും വാക്കുകൾ

അംഗുലീയത്തിൽ മായെ! രുചിരമായ്,

അനല്പയളവിലായ് ഹൃദ്യ വിനയവും,

അകമെ ജിതശ്രമം ജനിക്കണേ  വിദ്യെ!


അവശ്യമേകണേ ആശയം മുദാ

അവനിലുണരണേ തായെ!ഊർജ്ജവും.

അവനിതന്നിലായ് താരമാകണേ,

അരുതിനേയൊക്കെയകറ്റൂ ശാരദേ!


അഭിരുചിയ്ക്കുമായേകിടൂ തുണാ,

അമ്മെ! നല്കണേ നിൻ കരം വരം.

*അഗമത്തണലായവനെ കാക്കണേ,

ആശയം ഹൃദി മധുവായ് നിറയണേ.


അലിവിൻ മധുരിമയൂറണേ കുഞ്ഞിൽ 

അനുഗ്രഹത്തിനും പാത്രമാക്കണേ.     

ആഗ്രഹം ആര്യെ! സാധ്യമാക്കണേ

അംബികേ! മായെ!  ആശ്രയം തരൂ.


*അഗമം= മരം


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!