ശിക്ഷ

                                             


(വൃത്തം - മണിമഞ്ജരി)



“മഴയെ!നീ കാട്ടുവതെ,ന്തെന്നറിയുന്നോ?

മിഴിനീരൊഴുക്കിടും  ക്രൂരകർമ്മം.

ദ്യുവിൽ  മുത്തെ! നിന്നെ കാണ്മാൻ 

നില്പു മാനവർ,

അവകാശമല്ലെ നിൻ സാമീപ്യങ്ങൾ?


കരുതലും സ്നേഹവും ഞങ്ങൾ

 ഹൃത്തിൽ വയ്പ്പൂ

തരുവാൻ  നിനക്കായ്, ചൊരിഞ്ഞീടുമ്പോൾ.

പരമായി നീ വന്നു മന്ദമാരിയായീ,

അരികിലെത്തീ ഞങ്ങൾക്കിഷ്ടമായീ.


മണികളും കോർത്തു നീ  വന്നു മനോഹരീ!

മരതക,പ്പച്ചയേ തൊട്ടുണർത്തീ.

ഇരുൾവീണ വേളയിൽ പരിചോടുറങ്ങുമ്പോൾ,

നരരെ നീയെന്നാൽ  പുണർന്നു ക്രൂരം.


ഉരുവായി  നിന്നൊരാക്കുന്നിന്നുരു മെല്ലേ,  

ഉരുൾപൊട്ടലായ് വന്നെടുത്തു ജീവൻ.

ഉരുൾപൊട്ടിയുൾനീറീ വിടചൊല്ലി മാനുഷർ,

അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും.   


ഉടയവർ, ഉടയാട, സൗഹൃദം, സ്വാധീനം,

ഉടമസ്ഥരോടു  പറഞ്ഞൂ  'റ്റാറ്റാ'.

തനുവിന്റെയംഗങ്ങൾ വേർപെട്ടു

 പോയോർക്കു, 

മനവും പ്രതീക്ഷയും ബന്ധവും പോയ്.


തടിനിയും  തടിച്ചൊരു വന്യമാം പുഴയായി,

അടവിയെ വിഴുങ്ങിയൊ! കാണ്മ,തില്ലാ.

വ്യഥയേറ്റി ഘനവ്യൂഹമെത്തി നിരന്നെല്ലാം, 

കദനശോകം മൂളിയന്തരീക്ഷം.”


മഴ ചൊല്ലി, "ഞാനെന്നാൽ പണ്ടേയുണ്ടിവിടായ്,

കുഴയുന്ന കാര്യം ഞാൻ ചെയ്യു,കില്ലാ.

മനുജരേ! വേണ്ടതാം വസ്തുക്കൾ നിങ്ങൾക്കായ്

മനമോടെ തന്നില്ലേ ഭൂമിമാതാ!


അവനിതൻ  മക്കളാം വിടപിലതാദിയെ, 

അതിമോഹമായ് നിങ്ങൾ കൊന്നതില്ലേ? 

മനവും കടുത്തോരു വിങ്ങലിന്നിരയായി 

തനുവും ക്ഷതത്താലേ നീറിക്കാണും.


വസുധയ്ക്കു നൊമ്പരം സഹിയാതെ

 വന്നപ്പോൾ,

വശവും ചരിഞ്ഞേ കിടന്നതാവാം.

മടിയിൽ ശയിച്ചൊരാ കുന്നു തലകുത്തി,

അടിയിലായ് പെട്ടു ഭൂമക്കളെല്ലാം.


ക്ഷമയ്ക്കു  സഹിക്കുവാൻ ശക്തി വരണ്ടാലോ, 

അമിതം ശകാരിക്കും  വടിയെടുക്കും.

പ്രകൃതിമാ നിങ്ങളെ സ്നേഹിച്ചീടും പക്ഷെ,

അകതാരിൽ  നോവേറിയാൽ ശിക്ഷിക്കും.”


ഉരു= ദേഹം, ബൃഹത്ത്

ക്ഷമ=ഭൂമി


Comments

Popular posts from this blog

പാവനനാമം!

കർണ്ണികാരം

ഏകാന്തയാത്രികൻ!