ദിവ്യമാം ഉഡുക്കൾ!
(വൃത്തം-തരംഗിണി)
അയോദ്ധ്യയിലെയാകാശത്താ-
യുയർന്നുവന്നൂ താരകൾ നാലായ്.
ദിവ്യയുഡവം നാലും ഹൃദ്യം
ഭവ്യത കാട്ടി രസിച്ചൂ മർത്ത്യർ.
വജ്രസമാനം തിളങ്ങിനിന്നൂ
ഉജ്ജ്വല തേജസ്സേറും നാഥർ.
സജ്ജനജിഹ്വയ്ക്കില്ല വിരാമം,
നിർജ്ജരശൈശവ വർണ്ണനമൂലം.
ദാശരഥിയാമരചകുമാരൻ
ദേശത്തിൻ്റെ വല്ലരിയല്ലൊ!
അരമനയെയൊരു പൂങ്കാവാക്കി,
അരിയസുഗന്ധം പൊഴിച്ചു വളർന്നു.
നിനവുകളേ ധർമ്മത്തിൽ മുക്കി,
മനസ്സിനു കുട്ടികൾ പാത പണിഞ്ഞു.
ധനുസ്സിൽ നെയ്തവരിന്ദ്രജാലം,
മനുഷ്യമനസ്സിൽ സുധയായ് മാറീ.
അഗ്രജനോ നൽനൃപനായ് മാറീ,
ദേശമമതയ്‌ക്കേകീ വിലയും.
രാജ്യത്തിൻറെ ശ്രീയേ കാക്കാൻ,
രാവും പകലും ചെയ്തു ക്രിയകൾ.
ദേശത്തിന്നനീതികൾ പൂർണ്ണം,
ഭേഷായ് കെട്ടിക്കുഴിച്ചുമൂടി.
മാലിന്യത്തിൻ കണികകൾപോലും
മാലോകരിൽ വസിക്കുന്നില്ലാ.
ശ്രീരാമൻറെ രാജ്യം നിജമായ്,
സ്വർലോകത്തിൻ തുല്യംതന്നെ.
നന്മകൾ വന്നാൽ കലഹപ്രണയം,
എന്നേക്കുമായ് വെടിയും ജനത.
Comments
Post a Comment