വർണ്ണമേഴ്




(ഓമനക്കുട്ടൻ)




ഞാനിതാ വെറും മാരിവില്ലാണേ ,

മാനമാം ദേശമെൻ ഗേഹം.

കൊണ്ടലോയെൻ്റെയിഷ്ടമാം മിത്രം, 

കൺകളിൽ നോക്കി നില്ക്കുന്നു.


അർക്കനും തൻ്റെ രശ്മികൾ മെല്ലെ,

കാർഘനത്തിനായ് കൈമാറി.

ജന്മം തന്നൊരു മാതാവു മുകിൽ

പൊന്നുപോലെന്നെ കാത്തിടും.


വർണ്ണമേഴുള്ള ഭൂഷയുമേറ്റി

വിണ്ണു നന്നായൊരുക്കിടും.

താരാട്ടു മൂളിയംബുദം സദാ

താലോലമാട്ടുമുറക്കാൻ.


ജീവിതത്തിനോ ലംബവുമില്ല,

ഈ വാനിൽ നിൽക്കില്ലേറെയായ്.

ഞാനതിൽ ദു:ഖഭാവത്തിലല്ലാ

ഞാൻ വിട ചൊല്ലും, പോകണം.


പിന്നെയും  വരാം  നിങ്ങൾക്കു തരാം,

നന്നായ് സന്തോഷം മോദിക്കാൻ.

ഈ മനോഹാരി ലോക തല്പത്തിൽ 

കാമ്യമീ കുഞ്ഞു ജീവിതം.


എന്തെല്ലാം ദൃശ്യം ഹാ! നമ്മൾ കാണ്മൂ  

സുന്ദരം ഭൂമീയുത്സംഗേ.

ഉന്നതമായിയെല്ലാം നല്കിടും,  

പൊന്നുമാതൻ സ്വാസ്ഥ്യം കാക്കാം.




Comments

Popular posts from this blog

ഏകാന്തയാത്രികൻ! 

പാവനനാമം!

കർണ്ണികാരം