കുട്ടിക്കവിതകൾ
1.കുട്ടിക്കവിതകൾ
01.വാനരൻ പൊളിച്ചു! 2.കുറുമ്പൻ! 3.കൈപ്പപ്പൂ
4.ബേക്കറി! 5.രണ്ടു കാകന്മാർ!
1.വാനരൻ പൊളിച്ചു!
(വൃത്തം-മാവേലി)
(ആധാരം ഒരു നാടൻ പാട്ട്)
പണ്ടു കുരങ്ങൻറെ മേളം കാട്ടിൽ
ഇണ്ടൽവിനായവൻ തുള്ളിച്ചാടി.
മണ്ടത്തരം, പൊങ്ങിപ്പൊങ്ങിച്ചാടി,
കുണ്ടിലായി ശക്തം വീണു മുള്ളിൽ .
*പുച്ഛത്തിൽ കുത്തിക്കയറി മുള്ളും
ഇച്ഛയുണ്ടു നോവു മാറ്റീടുവാൻ.
കൊല്ലൻറെയാലയിൽ രോഗിസമം
ചൊല്ലിവിളിച്ചുകരഞ്ഞു ചെന്നു.
“*കില്ലുവേണ്ട മുള്ളെടുത്തുമാറ്റാം .”
കൊല്ലൻ ഭിഷഗ്വരനായിത്തീർന്നു.
“വാലുമുറിഞ്ഞു,”വാനരനോതി,
“വാലിൻമൂല്യമായ് നീ കത്തി തരൂ.”
മാങ്ങാ നുള്ളാനതു ബാലർക്കേകി,
തങ്ങിയാ കത്തി മരത്തിൻ കൊമ്പിൽ.
തങ്ങിയകത്തി നേടിക്കൊടുത്തു
തിങ്ങിത്തെളിഞ്ഞ മാങ്ങാക്കുലകൾ.
ചീർത്തമുഖത്തോടു മുത്തിക്കൊപ്പം,
ആർത്തിമൂത്തു നിന്നൊരു ചെറുമോൻ.
വീർത്തവൻറെ വയർ മാങ്ങയാലേ,
മുത്തിതൻ കുഞ്ഞു കുരങ്ങൻറേതായ്.
*സ്നേഹക്രയക്കാരനില്ലാ പുത്രർ,
സ്നേഹത്തോടേറ്റു കുഞ്ഞിനേ വാങ്ങി.
മാനസമേറെ മോദിച്ചു, നിന്നൂ,
വാനരനേകി മൊന്തയിലെണ്ണ.
ദൂരത്തൊരു വൃദ്ധ കാന്തനൊത്ത്
ദോശചുട്ടു പക്ഷെയെണ്ണയില്ല.
വൃത്തിയിലായപ്പം ചുട്ടുതിന്നാൻ
ശുദ്ധമാമെണ്ണ കുരങ്ങൻ നല്കീ.
എണ്ണതൻ സ്ഥാനത്തു വേണമപ്പം,
എണ്ണിക്കൊടുത്തു ദോശകൾ മുത്തി.
പിന്നെയോ ചെണ്ടക്കാരനെ കണ്ടു,
ചെണ്ടയെടുത്തൂ, അപ്പം കൊടുത്തു.
കൊട്ടീയവൻ ചെണ്ട പാട്ടും പാടീ,
കുട്ടിക്കൂട്ടമാലപിച്ചൂ കൂടെ.
“വാലുപോയി കത്തികിട്ടി ടും ടും
കത്തിപോയിമാങ്ങാകിട്ടി ടും ടും
മാങ്ങപോയ് കുട്ടിയെക്കിട്ടി ടും ടും
കുട്ടിപോയി എണ്ണകിട്ടി ടും ടും
എണ്ണപോയിയപ്പം കിട്ടി ടും ടും
അപ്പം പോയി ചെണ്ടകിട്ടി ടും ടും…”
വാനരനോടോ കേളികളൊക്കെ?
കാനനമല്ലേ അവൻ്റെ വേദി!
സൂഷ്മതയോടെ കാര്യങ്ങൾ ചെയ്താൽ
നഷ്ടം വരില്ലാ നിശ്ചയം തന്നെ.
*പുച്ഛം=വാല്
*കില്ല്=സംശയം
2.കുറുമ്പൻ!
(വടക്കൻപാട്ട്)
ആന കുണുങ്ങീ വരുന്നതുണ്ടേ
താനേവരവാണേ! മാറിനിൽക്കാം.
സ്നേഹമുണ്ടെന്നാലവൻകുറുമ്പൻ
തിന്മാനായെന്തോ തിരഞ്ഞിടുന്നു.
ചുറ്റിനും കണ്ണോടിക്കുന്നതുണ്ടേ
പറ്റുന്ന കൂട്ടുകാരുണ്ടോയെന്നായ്.
ഒറ്റക്കൊന്നുമല്ല പാപ്പാനുണ്ടേ,
പറ്റിയ തോട്ടിയും കൈയിലുണ്ടേ.
ഇങ്ങോട്ടുവന്നവനെത്തിക്കോട്ടെ
പൊങ്ങിയവന്മേലിരിപ്പുറയ്ക്കാം.
അച്ഛനുമമ്മയും കണ്മിഴിക്കു-
മിച്ഛപോലാനപ്പുറത്തിരുന്നാൽ.
കള്ളനവനെന്തേ വൈകിടുന്നെ?
പിള്ളാരെക്കണ്ടില്ലേ കേളിവേണ്ടേ?
പള്ളനിറക്കുന്നതാണു കാര്യം,
തുള്ളിക്കളിയൊക്കെ പിന്നെയാകാം.
കുട്ടികുറുമ്പാ! നീയോടിവായോ,
വെട്ടിവച്ചിട്ടുണ്ടു വാഴക്കുല.
മിട്ടായിപോലെ മാധുര്യമുണ്ടേ,
കുട്ടാ! നീ വായോ ഗന്ധവുമുണ്ടേ.
3.കൈപ്പപ്പൂ!
(വൃത്തം - താരാട്ട്)
പുഞ്ചിരിയോടേ നില്പൂ മുറ്റത്തായ്,
പാവലിൻ മഞ്ജുള സസ്യം.
കൺകുളിർക്കെപ്പൂക്കൾ കൈപ്പ ചൂടി,
കാറ്റിനോടായ് കൂട്ടു കൂടി.
കൈപ്പ നില്ക്കുന്നു റാണിയെപ്പോലെ,
കുട്ടിക്കു കൗതുകമേറി.
ചുറ്റിപുല്കുന്നൂ പന്തലേ പാവൽ,
ചെറ്റെന്നു കുഞ്ഞു പൂ നുള്ളി.
കണ്ണിൽക്കുടുങ്ങും പൂ നുള്ളീ മോദാൽ
കുഞ്ഞാൾ ചമയ്ക്കാനത്തപ്പൂ .
പന്തിയല്ല നുള്ളലെന്നു ചൊല്ലീ
മാതായൊരുനുള്ളങ്ങേകീ.
ബന്ധി, പിച്ചി, മുല്ലയിറുത്തീടാം ,
എന്നാൽ പാവൽ വേണ്ടന്നമ്മ.
കാഞ്ചനവർണ്ണമ്പേറുന്ന പൂക്കൾ,
കായ്കളാകുമെന്നുമോതീ.
കിച്ചടി, പച്ചടി, തോരൻ നല്ലൂ
കയ്പ്പക്കയാൽ വയ്ക്കാൻ സ്വാദായ്.
വേണ്ടുവോളം കുക്ഷിക്കേകാം ഭോജ്യം
ഓണത്തിനു, മാതൻ ഭാഷ്യം.
4.ബേക്കറി!
(കുട്ടിക്കവിത)
( വൃത്തം- താരാട്ട്)
അമ്മയും കുട്ടനും റോഡിൻവക്കിൽ
ചെമ്മെപോയ് സാധനം വാങ്ങാൻ.
അച്ചങ്ങ കാൽക്കിലോ വാങ്ങീയമ്മ
ഇച്ഛയായ് കുട്ടിക്കു വേണ്ടീ.
അച്ചങ്ങവച്ചൊരു കൂട്ടാനേറെ
കൊച്ചനു വേണം ചോറുണ്ണാൻ.
കുട്ടൻ്റെ മാനസം ചോർത്തീ ആഹാ!
കൂട്ടിൽനിരത്തിയ കേക്കും.
"അയ്യോയെൻ ചക്കരേ! കുഞ്ഞേ! മുത്തേ!
വയ്യാ! ഭാഗ്യമില്ല വാങ്ങാൻ.
ചോക്കലേറ്റും വാങ്ങീടുവാൻ പൊന്നേ!
പോക്കില്ല, വേണ്ടല്ലൊ മോഹം.
ഇന്നുള്ളയിത്തിരി പൈസയീശൻ,
തന്നതുതന്നാണു പിഞ്ചേ!
മോനെ! നീ പിന്നീടു വാങ്ങുമെല്ലാം,
ഉന്നതമായ് ചെയ്യു വിദ്യാ."
"വല്യതാകട്ടമ്മേ! ഞാനും, സ്വന്തം
ചേലുള്ള ബേക്കറി വാങ്ങാം.
ചോക്കലേറ്റും നല്ല കേക്കുമെല്ലാം
നല്കാം പാവങ്ങൾക്കുമൊക്കെ."
5.രണ്ടു കാകന്മാർ!
(വൃത്തം-കാകളി)
(ഒരു നാടോടിക്കഥയാധാരം)
അങ്ങേതിലിങ്ങേതിൽ രണ്ടുണ്ടു കാക്കകൾ,
ചങ്ങാതിമാരവരൊന്നെന്നു ഭാവിച്ചു.
ചിങ്ങമാസം വന്നു വാഴകുലച്ചല്ലോ
എങ്ങനേം തിന്നണം നേന്ത്രപ്പഴങ്ങളും.
തെക്കേലെ കാക്കയിരുന്നു വാഴക്കൈയിൽ
തക്കത്തിൽ പക്വഫലങ്ങൾ കൊത്തീടുവാൻ.
ചിക്കെന്നൊടിഞ്ഞങ്ങു വാഴതൻ കൈയയ്യൊ!
ചക്കപോൽ താഴത്തുവീണുപോയ് കാകനും.
കാലിലായ് കൊണ്ടൊരു മുള്ളു, നോവുണ്ടു ഹാ!
കാലത്തുതന്നെ പോയ് വൈദ്യഗൃഹംതന്നിൽ.
“കല്ലിലുരച്ചു കഴിക്കുയീയൗഷധം,”
ചൊല്ലിവൈദ്യർ മെല്ലേ, കാക്ക സ്ഥലംവിട്ടു.
ഹാ! മരുന്നു വീണു കൂപത്തിലായ് കഷ്ടം,
കാക്ക ചാടീ കൂടെ,കിട്ടി പൊന്നിൻകട്ടി.
സ്വപ്നമുള്ളിൽ പൊന്തി മറ്റേഖഗത്തിനും,
“സ്വർണ്ണമെനിക്കും കിട്ടേണമവനേക്കാൾ.”
ചേക്കേറി കാകനും വാഴമേലാർത്തിയിൽ,
ചാടിയവൻ താഴെ, വീഴാഞ്ഞതിൻമൂലം.
മുള്ളുകൊണ്ടില്ല കാലിൽ,കുത്തിക്കയറ്റീ,
മണ്ടിയെത്തീവൈദ്യരേകിയില്ലൗഷധം.
വൈദ്യരെ വല്ലാതെ കൊത്തിനോവിച്ചവൻ
പൈശാചികം കൊണ്ടുപോയവനൗഷധം.
ഭേഷായുരച്ചവൻ ഓഷധി വീണില്ല,
*ഭേഷജം കൊത്തിക്കിണറ്റിലായിട്ടവൻ.
"പൊന്നല്ല, കുന്നോളം വജ്രക്കൽ കിട്ടിടും
പൊന്നോണം ചേലിൽ ഞാൻ ഘോഷിച്ചിടുന്നുണ്ടു,"
ചാടീ കിണറ്റിലത്യാഗ്രഹിയാം കാക്ക,
ചെന്നങ്ങുവീണതോ വിസർജ്ജ്യപങ്കത്തിൽ.
ആരുമാരും വേറെയാളെ പകർത്തേണ്ട,
ചേരുന്ന ജോലികൾ ചെയ്തങ്ങു ജീവിക്കൂ.
ആരേം പകർത്താതെ, കർമ്മങ്ങൾ നമ്മൾക്കായ്
പാരിലീശൻ രചിച്ചീടുന്നു പാവനം.
*കരടം= കാക്ക
*ഭേഷജം=മരുന്ന്
Comments
Post a Comment