പ്രകൃതിയും പ്രണയവും!
(വൃത്തം മിശ്രകാകളി)
പ്രകൃതിയും പ്രണയവും തമ്മിലായ്പ്പൂരകം,
പലപലസസ്യങ്ങൾ ധരയിലായ് പ്രണയത്തിൽ.
ഒരുചെടിതണലായും മറുലത സഖിതുല്യം,
പരമായ് സുഖമേകും, മിഴികൾക്കു നിർണ്ണയം.
പലതരം വസ്തുക്കൾ കളികളിൽ മുഴുകിടും,
പരിമിതികൾ മാറ്റിയൊരുമയെ പുണർന്നിടും.
പലതരം പ്രണയങ്ങൾ മിഴിനട്ടു നോക്കിയാൽ
പലതായ മട്ടിലായ് ചുറ്റിനും കണ്ടിടാം.
മഴയും വെയിലുമായ് കരംകോർത്തു വന്നിടാം,
മുകിലും മരുത്തുമായൊളിവിലായ് പോയിടാം,
മലമുകൾ മഴപ്പെയ്ത്തിൻ കളങ്ങളൊരുക്കിടാം,
മണിമുത്തു പൊഴിയുമ്പോൾ, പാദപം കുളിരിലാം.
മിഹിരന്നു രസമേകി നീരജം വിലസുന്നു,
മനമതിൽ ഭാരമായ് കുമുദമോ വലയുന്നു.
കരയുന്നു കൊതിയുണ്ടു സൂരനേ പ്രേമിക്കാൻ,
ദിനകരനറിയില്ലാ കൈരവകുതുകങ്ങൾ.
ദിനചേല പുതച്ചെത്തി ഹാസം ചൊരിയുന്നു,
ദിനനാഥൻ സകലരേം വരുതിയിലാക്കുന്നു.
കിളിമരം മുല്ലയും തമ്മിൽ കരം കോർത്തു,
കളിവീടു പണിയുന്നു സ്നേഹമായ് പാർത്തിടാൻ.
മരമിത്രം മനയുന്നു പുല്ലിനായ് പന്തലും,
മരുവുന്നു പഴങ്ങൾക്കു തല്പമായി പുൽ.
ചൊരിയുന്നു മാതൃക കരയൊത്തു സാഗരം,
മരുവുന്നു ഭൂമിയിൽ സോദരർ തുല്യമായ്.
അവനിയിൽ പീയൂഷമിറ്റുന്നു കുസുമങ്ങൾ,
അതിനായി ദളകരം തൊഴുതു നുതി ചെയ്യുന്നു.
മനുജനോ പ്രണയം സ്വജീവിതം മാത്രമായ്,
മനുജർതൻ ഗുണമിന്നു കുറയുന്നു മഹിയിലായ്.
നരജീവി ബുധനെന്ന നാട്യവും കാട്ടുന്നു,
ഒരുതരിവെളിച്ചമാവാൻ മടിയുണ്ടന്നാൽ.
ഹരിയുടെ കൃപയല്ലോ സകലതും ഭംഗിയിൽ
ധരമുകളിൽ പാലനമാവതു തുലനമായ്.
Comments
Post a Comment