മരുവാൻ രസമല്ലേ ഭുവനം!



മരുവാൻ രസമല്ലേ ഭുവനം!


 (വൃത്തം -മദമന്ഥര )


കിളിജാലം കളികളിൽ മുങ്ങീ

മുളനിരകൾ   കൈകൾ   കൊരുത്തു.  

കുരുവിക്കും പാറണമുടനേ,

അരുമക്കിളിയുയരെപ്പോയീ.


കരുകരെയൊരു രവവും  കൂവീ,

അരയാലിലിരുന്നു രസിച്ചൂ.

കഴുകനുമേ വയറുവിശന്നൂ

അഴുകുംതനു തേടി നടന്നൂ.


അരുവികളിൽ ശ്രുതിലയമായീ

ഒരുപാടായ് ചിരികളുതിർന്നൂ.

സദിരുകളും കേൾക്കാൻ സുഖമായ്,

ശ്രവണം ബഹുരസമായ് മാറീ.


ഉദയാർക്കൻ മലയിൽ വരവായ്,

കമലത്തിനു തോഷവുമായീ.

കുമുദത്തിനു മിഴിയിലുടക്കീ,

കുറുമ്പി! ഹൃദി വന്നുവസൂയാ.


പരിചയമോ പെരുമാറ്റത്തിൽ

ഒരുതരിയും കാട്ടിയില്ല.

പരിഭവവും തേച്ചു മുഖത്തായ്,

ഇരുവർക്കും  ദായകലമായി.


വരുവാൻ ചെറുചെടികൾ നോക്കീ

അടരാനൊരു വഴിയില്ലവിടായ്.

വിഷമത്തൊടു ‘റ്റാറ്റ’പറഞ്ഞൂ,

വിളയാടീ പുതു ലതകളുമൊപ്പം,


മഴമേഘം ജലധാരകൾ  നല്കി,

ഒഴുകുന്നൂ കം, സന്തോഷം.

പുഴകളുടേ വയറു നിറഞ്ഞൂ

അഴകിൽ നീർ കുടിയായ് കുളവും.


ധരയിൽ പല കൃതികൾ കാണ്മൂ,

അരിയകൃതം  മധുരതരം ഹാ!

അരുതാത്തതു നാം നോക്കണ്ടാ,

 മരുവാൻ രസമല്ലേ ഭുവനം!


കം= വെള്ളം

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!