മഴമുത്തുകൾ!

 


(നതോന്നത)


 

 കാലങ്ങളായ് മാനസത്തിൽ

          സ്നേഹംപേറും ഭൂമാതാ ഞാൻ,

വൃഷ്ടി കഷ്ടിയായീടുന്ന-

               തെന്തുമൂലമോ?

 വിണ്ണിൻ നാട്ടിൽ രമ്യഗേഹേ

              വർഷമുത്തുകളെയെല്ലാം

വായുചോരനെ ഭയന്നു  

                മറച്ചോ മുകിൽ! 


വല്ലാതെ വരണ്ടൂ ഞാനും

             ഞാൻ പോറ്റുന്നയെൻമക്കളും

വർഷമുക്തങ്ങളേ! നിങ്ങൾ

              വിരുന്നുവരൂ.

വേണ്ടുവോളം വിളയേകും

              പാടങ്ങളോ ദുരിതത്തിൽ

വിണ്ടുകീറി  ത്വക്കുമെല്ലാ,

               മാടലേറുന്നൂ.


 വേഴാമ്പൽപോൽ കാത്തിരിപ്പൂ-

               മയ്യൽപൂർവ്വം ജീമൂതമേ!

വസ്ത്രമൊക്കെ പങ്കിലമായ്

              കണ്ടതില്ലേ നീ?

വെള്ളമില്ലാസ്നാനം ചെയ്യാൻ

           ദാഹവും പൊറുക്കാൻ  വയ്യാ

വക്ത്രവും പിളർന്നു ഗ്രീഷ്മം

           വിഴുങ്ങാൻനില്പൂ.


ആഴിനീലവർണ്ണച്ചേല

         മെയ്യിൽപുതച്ചുറങ്ങിയോ?

ആവണിവരാൻ കാക്കുന്നോ

          സ്വപ്നംകൂട്ടുണ്ടോ?

 രാകാച്ചന്ദ്രൻ കണ്ടുനിൽപ്പോ! 

         ഉപദേശം നല്കിയില്ലേ?

സാകൂതമെനിക്കുവേണ്ടി-

         യാഗമിച്ചീടാൻ?


കാത്തിരിപ്പൂ നിങ്ങളേഞാൻ,

               വാസരങ്ങൾ തൃപ്തരാകാൻ,

കാല്യംതൊട്ടേ പൊഴിയ്ക്കേണം

                മാരിയമൃതായ്!

 കാലംതെറ്റി പെയ്തീടൊല്ലാ

          കർഷകരേ ഹനിക്കൊല്ലാ,

ക്രൂരമാം പ്രവാഹംവന്നാൽ

           യമൻ വന്നീടും.


വെള്ളത്തിനായ് പായും ബാല്യം 

     വാർദ്ധക്യത്തെ പുൽകിയോരും,

വീഴാൻ മഴയെൻ ഗാത്രത്തിൽ

          പ്രാർത്ഥന ചെയ്വൂ.

 വിണ്ണോർദേശം വാഴുമീശാ!

          ഞങ്ങൾക്കേകൂ കുടിവാരി

വേണ്ടല്ലോയകാലമാരി

             ശിക്ഷിച്ചീടല്ലേ!

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!