വൈഷ്ണവ് ജന തോ!
(സർപ്പിണി)
ഗാന്ധിയെന്നൊരു ശബ്ദമീ ലോകത്തിൽ,
കാന്തിചൂടി സുഗന്ധം പൊഴിക്കുന്നു.
പാരിൽ ഭാരതം ഗാന്ധിയാൽ ശ്രേഷ്ഠംതാൻ,
പാരം സ്ഥാനങ്ങൾ നേടി ചിത്തങ്ങളിൽ.
ഭേഷായിറ്റിച്ചു‘വൈഷ്ണവ് ജന തോ’
രാഷ്ട്രതാതൻ ജനത്തിന്റെയുള്ളിലായ്.
ഇഷ്ടപൂർവ്വം കൈക്കൊണ്ടതു പൗരന്മാർ,
തുഷ്ടിപൂർവ്വമശിച്ചാസ്വദിച്ചവർ.
ദേശഭക്തിതൻ മാസ്മരശക്തിയെ,
ആശപോൽ ഗീതം തട്ടിയുണർത്തി ഹാ!
തേനായൊഴുകീ ജിഹ്വകളിൽനിന്നും,
തെന്നൽപോലുമതേറ്റു പാടിപ്പാറി.
മന്ത്രതുല്യഗീതം സ്വന്തമാക്കിയ,
മാന്ത്രികൻ മഹാൻ രാജർഷിയായപോൽ!
കൈയിലൂന്നുകമ്പേന്തി നടന്നപ്പോൾ
മെയ്യും ചേതസ്സും നാടിന്നായ് ഹോമിച്ചൂ.
വസ്ത്രമാഹാരമാഡംബരത്തിനായ്
വാച്ചമോഹത്തിനേകീയനാദരം.
“വേണ്ടാ! സംഗ്രാമം,”ചൊല്ലി മഹാത്മാവ്,
“വേണം ശാന്തിതൻ സൂത്രവാക്യം തുലോം.”
ആധികാട്ടാതെ ശാന്തത കൂട്ടാക്കി,
ബോധപൂർവ്വമായ് പോരാടി മോഹൻദാസ്.
സ്വപ്നതുല്യസ്വാതന്ത്ര്യകർമ്മത്തിലായ്,
സ്വത്വം ഗാന്ധിതൻ താരമായ് രാജ്യത്തായ്.
രോഗം, ദാരിദ്യച്ചിന്തയിൽ പൂണ്ടവർ,
പാരിൽ ജീവിതം ഭാരമായ് മാറിയോർ,
കാര്യം ശുദ്ധമാക്കി ചെയ്തീടുന്നവർ
നേരായ് ഗാന്ധിതൻ പന്ഥാവു പുല്കുന്നു.
ദീപംപോൽ നിന്നു വെട്ടം ചൊരിഞ്ഞുപോയ്
ദീർഘദൃഷ്ടി മനീഷിയാം മാനവൻ.
കോപത്താൽ കൂപേ ചാടല്ലേന്നപാഠം
താപഹീനമായ് ഗാന്ധിയിൽ ദർശിതം.
Comments
Post a Comment