ആടിത്തീർക്കും ഞാനെന്നുടെ ഭൂമിക!
ആരുമില്ലെനിക്കെന്നു നിനയ്ക്കണ്ടാ,
ആടൽ തീർക്കുവാനുണ്ടെൻറെ കോശങ്ങൾ.
ആടിത്തീർക്കുവാനെന്നുടെ ഭൂമിക,
ആകുമെനിക്കു മാനസം കൂട്ടാകും.
ആത്മവിശ്വാസമൊന്നു മാത്രം മതി,
ആട്ടിപ്പായിക്കാൻ തോൽവിയാം വില്ലനെ.
ആർദ്രം മർത്ത്യനിലുണ്ടു ചിലർക്കെന്നാൽ,
ആർക്കും വഞ്ചനയേകാൻ പിശുക്കില്ലാ.
ആവുംപോലവർ നൽകുമേ ക്ഷുദ്രത,
ആര്യരല്ലവർ, വേണ്ടാ കില്ലു തെല്ലും. .
ആകാമുദ്യോഗദണ്ഡിൽ ധ്വജമുള്ളോർ,
ആകുമ്പോലവരിൽനിന്നകന്നിടാം.
അശ്വമേഴു വലിക്കും തേരിൽ വരും
അജ്ഞനല്ലാത്ത അർക്കനെൻ മാതൃക.
അഭ്രം സൂര്യപ്രതാപം കിഴിച്ചാലോ,
അങ്കംവെട്ടുന്നവൻ മേഘം തന്നോടായ്,
അന്നത്തിനായ് നിറയ്ക്കുന്നു സസ്യത്തിൽ,
അഗ്നിസമാനമൂർജ്ജത്തെ മാർത്താണ്ഡൻ.
അപ്പിനുള്ളഹങ്കാരം തീർക്കാനായി,
അന്ത്യമേകുവാൻ വാനിലേക്കോടിക്കും.
അല്ലലില്ലാതെ മുൻപാത ലക്ഷ്യംതാൻ,
അർക്കനെപ്പോലെ മുൻപിൻ നോക്കില്ല ഞാൻ.
അമ്പോടീശനെ കൂപ്പിവണങ്ങി ഞാൻ
അന്തരംഗത്തിന്നാജ്ഞകൾ പാലിക്കും.
( വൃത്തം - സർപ്പിണി)
Comments
Post a Comment