ഉദരനിമിത്തം!
(വൃത്തം-നതോന്നത)
ആദിമർത്ത്യൻ മരഞ്ചാടി
വാനരക്കോലം തന്നല്ലോ,
ആരെയൊട്ടും ദ്രോഹിക്കാതെ-
യാഹാരം തേടി.
ആകെ വരും വിരുന്നുകാർ
വിശപ്പും ദാഹവുംമാത്രം
ആകാംക്ഷ,മോഹമവരെ
പ്രേമിച്ചതില്ലാ.
ബുദ്ധിവളർന്നേ മാനവൻ
മാറി മനീഷിയായ്പോലും,
ബുധൻനാമലക്കോട്ടിട്ടൂ,
ക്രൗരൃം മുളച്ചു.
ആദ്യ ഗേഹമാരണ്യത്തെ
വെട്ടി നരൻ നശിപ്പിച്ചൂ,
മോദപൂർവ്വം കുടിലത
ഹൃത്തിൽ നിറച്ചൂ.
വന്യജീവിവ്യൂഹമിപ്പോൾ
നാടുവാഴികൾ മാത്രമായ്
കാനനത്തിൻ സമ്പത്തൂറ്റി,
ദൂഷ്യങ്ങൾ കാട്ടി.
വാസസ്ഥാനനഷ്ടമ്മൂലം
മൃഗസമൂഹം വിശപ്പിൽ,
വഷളത്തം കാട്ടിയവർ
വയർനിമിത്തം.
അന്നത്തിൻ ചിന്തയാൽ
കുംഭി നാടുകൾ പുല്കി.
ആനന്ദം മറഞ്ഞനേരം
വ്യാഘ്രവുമെത്തി.
ആളുകൾതൻ ദശാഭക്ഷം
പുലിക്കു വേറിട്ട സ്വാദായ്,
ആമോദമവൻ നരൻറെ,
നിദ്രകെടുത്തി.
വന്യജീവിജാലങ്ങളേ!
മർത്ത്യമാംസം കഴിക്കൊല്ലാ
വിഷക്കുപ്പി മർത്ത്യലോക-
മകന്നു നില്ക്കൂ.
നിവേദനം സമർപ്പിപ്പൂ
ഭഗവാനേ! ഭൂമിക്കായി,
നിനവുകൾ മനുജൻറെ
ശുദ്ധി ചെയ്യണേ.
Comments
Post a Comment