സഹജമാം കാര്യങ്ങൾ!
(മണികാഞ്ചി!)
അമലജലമാരോമൽ സൂനുവെ കൊഞ്ചിച്ചു
മമതയൊടു മാതാവു താരാട്ടി പുത്രിയെ,
'വനജ,കമലം' വേറെ പേരതും ചാർത്തിനാൾ,
ഒരുമലരു മൗലിയിൽ ചൂടിച്ചു ഹൃദ്യമായ്.
കമലമഹ! പെട്ടെന്നു കാണാൻ മിടുക്കിയായ്
കരുണയുതിരും കണ്ണുമായിനൻ നോക്കിനാൻ.
പ്രണയമഴ ചാറിച്ചവൻ തന്റെ ഹൃത്തിലായ്,
അണിമയൊടു തൂകീയവൾ മന്ദഹാസവും.
കരിമുകിലു ചേറി നൽനീർമണിമുത്തുകൾ
അരിയമരമൊക്കെയും കാറ്റിലായ് ചാഞ്ചാടി.
പുതുമഴ പയസ്സിനേ ഭൂമിയിൽ വർഷിച്ചു,
പതിയെ പലവാപികൾ തോയത്തിലായ് മുങ്ങി.
വനജയുടെ വാർത്തകൾ കിട്ടാതെ ഖേദിച്ചു
മനസി വിഷമത്തിലായാദിത്യനഞ്ജസാ.
ജലജമതിനേറെയായ് പൊങ്ങുക ദുഷ്കരം
ജലമതിനു സമ്മതം നല്കിയതേയില്ല.
വികലതയിൽ ദുർബ്ബലർ താഴ്ന്നിടും കാലത്തു
സകലകരണങ്ങളും പെറ്റിടും തെറ്റിനെ.
സുഖനിനവുമാത്രമായ് നോക്കിടാ, മാന്യരേ!
സുഖദതരമായിടും സ്വയമേ കാര്യങ്ങൾ .
Comments
Post a Comment