തുടരും ദിനങ്ങളിൽ മനുജരുണ്ടാകുമോ?

   


( വൃത്തം - മിശ്രകാകളി)

 

ഒരുസമയമൊന്നു ഞാൻ ചിന്തയിൽപ്പെട്ടുപോയ്,

തുടരും ദിനങ്ങളിൽ മനുജരുണ്ടാകുമോ?   

വരുവതാം വേളയിൽ ജീവനുണ്ടാകുമോ?

വിടരുമോ ശിശുപൂക്കൾ ഭൂവനിതന്നിലായ്?


വഴികിട്ടാജീവിതം തണൽവിനായലയുമോ?

വഴികളിലുടലുകൾ കബന്ധമ്പോലാടുമോ?

മറുഗ്രഹജീവികൾ ധരയെ വാങ്ങീടുമോ?

 ചെറുജീവി നരഗണം  മറുഗ്രഹം പൂകുമോ?


ഹിമകരൻ മമതയിൽ നിത്യം ഹസിക്കുമോ?

ഹിമപാളി കോപിച്ചുയർത്തുമോ ജലധാര?

നിനച്ചിടിലിതുപോലെ പലതുമുണ്ടായിടാം,

മനതാരിൽ ഭവിഷ്യത്തു കരുതണം മാനുഷാ! 

   

തുഷാരമുടയുകിൽ ശിഖരിക്കു നൊമ്പരം

വിഷമത്തിലൊഴുകിടാമാഴത്തിൻ മിഴിനീർ.

പിടയുമേ വിടയാകുവാനായി ദേഹിയും

പൊടിയായിത്തീർന്നിടാം പതിയെയായ് മേദിനി.


അയലിലെ ഗ്രഹങ്ങളുമൊളിച്ചിടാം ഭീതിയിൽ,

പയലുകൾ ഭൂപോലെയാക്കിടാമവരേയും.

സമയചക്രമ്മാറിമറിഞ്ഞണയുമ്പോഴോ,

അമിതമായ് മാലോകർ നിറയുമീ ലോകത്തിൽ.


അതിജീവനത്തിനായ് പയറ്റേണ്ടിവന്നിടും,

 മതി ജീവിതമെന്നു നിനച്ചിടാമിരുകാലി.

മതിവിനാക്കരങ്ങളാൽ ഭരണം നടന്നിടാം,

അതിരിനു വിപരീതം പരിഹാസമുയർന്നിടാം.

 

മരമൊക്കെ മഴുവിന്റെ രുചിയുള്ളയാഹാരം,

ചരങ്ങളോ നരരിൽനിന്നോടീ മറഞ്ഞിടാം.

മൃഗമാണു ദയയുടെയുടയോൻ, ന മാനുഷൻ,

മൃഗവും തോറ്റിടും നരനോടു, കരുണയിൽ.                  


രമണീയ മേദിനി തളരാതിരിയ്ക്കട്ടെ,

കനകമാം കരളുമുഷാറിലായ് മാറട്ടെ.

ശപഥമെടുക്കണം, ധരണിക്കായ് നാമെല്ലാം,

‘അപചയം കൊടുക്കില്ലിനിമേൽ മനുജർ നാം’.


——///——

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!