പവിത്രം പുണ്യപ്രയാണം!
(വൃത്തം- ദ്രുതകാകളി)
ഓർക്കുന്നു ഞാൻ മർത്ത്യർ കാട്ടിയ കാര്യം,
അർപ്പിച്ചെനിക്കായി നാമങ്ങളേറെ.
മാധുര്യം പേറി, പരത്തിയും ഗന്ധം,
മാനം നോക്കീ നിൽപ്പു ഞാൻ കഥചൊല്ലാൻ.
വാത്സല്യപൂർവ്വമെൻ മക്കളെ നിത്യം,
ഉത്സാഹമേറ്റി വളർത്തുന്നു ഞാനും.
ഭക്ഷണമേശമേൽ മോദമായെൻ നന്ദർ,
ആകാംക്ഷ മർത്ത്യൻ്റെ തീർത്തീടും ഭേഷായ്.
പണ്ടോ പുല്ലിൻസമം നിങ്ങൾക്കെൻ സൂനു,
"കണ്ടില്ലേ നാറ്റം! ഹോ! ദൂരേക്കു മാറ്റൂ."
ദാരിദ്ര്യചെറ്റപ്പുരകളങ്ങോതി ,
"പ്രാശം സാമാനം നീ തന്നിതു, കൃഷ്ണാ!"
പോഷണത്തേനെൻ്റെ കുട്ടികൾ പേറും
ആശിക്കുന്നൂ നിങ്ങൾ മക്കളെ കിട്ടാൻ.
മാധുര്യം വയ്പ്പൂ മനസ്സിലെൻ പാകർ,
ശുദ്ധമാമാകാരം മോഹനരൂപം.
എന്നുടെ സന്താനമൂല്യത്തിൻ ശോഭ,
മാനവരേറ്റുന്നു ചിത്തത്തിൽ സ്വസ്ഥം.
ഇന്നവർ മാന്യരായ് മന്നനു തുല്യം,
സ്നേഹം പൊന്തീടുന്നു മാനുഷഹൃത്തിൽ.
വീടേറെയായി അലങ്കരിച്ചീടാൻ
കൂട്ടിന്നുപവിഷ്ടനായി ഞാൻ വേണം,
എന്താണെൻ നാമം അറിയേണ്ടെ? ചൊല്ലാം,
എൻ ദിവ്യനാമം കേൾ പ്ലാവെന്നതല്ലോ.
നന്മയ്ക്കു ഭൃത്യൻ, ഭഗവാന്റെ ദാസൻ
പുൽകില്ല തർക്കത്തിൻ കാര്യത്തെ തെല്ലും.
ബന്ധങ്ങൾ നീട്ടുവാനാദരം, തമ്മിൽ,
ജന്മപ്രയാണത്തിലേകാം നാം ധന്യം .
Comments
Post a Comment