പ്രകൃതിപ്പെണ്ണാൾ!



(വൃത്തം- മണിമഞ്ജരി)


പ്രകൃതിയോ  നമ്മുടെ പ്രിയപ്രസുതന്നെയായ്,

പരിപാവനദീപ്തി ചൊരിഞ്ഞു നില്പൂ.

പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ 

സകലതും നല്കുന്നു ഭൂമിമോൾക്കായ്.


പലരീതി  സൗഖ്യമേകീടാനായ് പ്രകൃതിമാ

പലതായിയേർപ്പാടു ചെയ്തിടുന്നു.

പവനനെത്തും സ്ഥിരം  നമ്മോടുരിയാടാൻ ,

പരിചോടു കിളി മീട്ടും വല്ലകികൾ.   


പവമാനനയയ്ക്കുന്നു മഴപ്രേമത്തെ ഭൂവിൽ,

പവിത്ര  കൊലുസിട്ടു  കുണുങ്ങിയെത്തും.   

പരവാണി ഛദം നീർത്തി  കഥകളിപ്പുറപ്പാടായ്,

പരമായി കോൾമയിർ കൊള്ളും  വിപിനം.


വയലിലായ്  കൊടിപോലെ നിലവാണു  നെൽക്കതിർ,

വയൽകണ്ടു വൈക്കോൽക്കനവിൽ  പൈക്കൾ.

വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ,

വയലേകുമന്നത്തെ  പാകം ചെയ്യാൻ.


വയലിൻറെ, സൂര്യന്റെ, സസ്യത്തിൻ ദയമൂലം, 

വയർ   നിറച്ചീടുന്നു  ജീവി സർവ്വം.

നിശിയിലെത്തീടുന്നു  മാന്യനാം  ഹിമകരൻ,

നിലവിടും  തമസ്സൊടു പടവെട്ടുവാൻ.  


മുനിമാർ  പുരാതനകാലേ പ്രപഞ്ചത്തെ  

മനതാരിൽ   പൂജിച്ചു ദൈവീകമായ് .

നരരോ   മുതിരുമ്പോൾ നരകാസുരരാകും,

നരകത്തെ  ധരയിലേക്കാനയിക്കും.


ഒരുപാടു ദ്രോഹം  നാം ജനനിയോടായ്  ചെയ്തു,

അരുതെന്നവൾ ചൊല്ലി   ചെറു ശിക്ഷയാൽ.

പരുപരുപ്പുള്ളതാം മാനസമുള്ളവർ   

കരുതുമോ ആർദ്രത  കരളിനുള്ളിൽ.


ക്ഷമയിനീം   പ്രസുവിനു  പറ്റില്ലാ,  മർത്ത്യരേ!

ക്ഷയിക്കുമെ  പ്രകൃതിതൻ   സഹനശക്തി.

ക്ഷണമായി കൃത്യം നാം ചെയ്യണം  കൃതങ്ങൾ 

ക്ഷണിക്കുക സുസ്ഥിരം ശാന്തിയേ നാം .


പരവാണി=മയിൽ 

 ഛദം             = ചിറക് 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!