ജീവാണു

 


(വൃത്തം-കല്യാണി) 


നോക്കൂ ധരിത്രിക്കു  കാന്താരമേറേ,

പൂക്കുന്ന സസ്യങ്ങൾ,  ജന്തുക്കളുണ്ടേ .

തക്കം ചികഞ്ഞങ്ങു   മർത്ത്യൻ  വസിപ്പൂ  

വയ്ക്കാൻ  കുരുക്കും, ജഗത്തിൻറെ നാശം.


 പങ്കം നിറയ്ക്കുന്നു, ലോകത്തിൽ  മൊത്തം,

പോകാതെ നിൽക്കുന്നു ജീവാണു കഷ്ടം. 

ക്ഷുദ്രാണു കാട്ടുന്നു നാട്യങ്ങൾ  ക്രൂരം,    

രുദ്രന്റെ  കോപിഷ്ഠനൃത്യത്തെ  വെല്ലും.


 ആളേ  ഗ്രസിക്കുന്നു, നൂനം ഹനിക്കാൻ,

നീളേ  കിടക്കുന്നു ഗാത്രങ്ങളേറേ.

കാളുന്നയഗ്നിക്കു അന്ത്യത്തെയേകാൻ 

പാളും  പ്രയത്നം വിഷാദം നിറയ്‌ക്കും.


മാരീവിരാമം  ചെറുതൊന്നുമല്ലേ, 

മാറില്ല പെട്ടെന്നു  രോഗം നിനയ്ക്കൂ.

കേറട്ടെ  സ്വസ്ഥത  ചേതസ്സുതാരിൽ,

ഊറട്ടെ  പഞ്ചാര ഹാസങ്ങൾ  ചുണ്ടിൽ. 


 വെട്ടീ മുറിക്കാം  ദുഖത്തിൻറെ പൂട്ടും,

കട്ടയ്ക്കു  വൃത്തിക്കു  സ്ഥാനം കൊടുക്കാം.

ഓടിച്ചു  രോഗത്തെ ദൂരേയ്ക്കയക്കാം,

മാടീ വിളിക്കാം  ശാന്തത്തെ  വശ്യം.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!