പുലരി ചിരിതൂകി


 

(വൃത്തം-മഞ്ജു)

 

പുല്ലാങ്കുഴൽ കൈയിൽ വച്ചർക്കനെത്തി,

പുലരിയൊരഴകൊടു നിറനറുചിരികൾ  തൂകി.

പയ്യെയുഷയ്ക്കായവൻ  മിഴി ചിമ്മി,

പലവുരു പുടവഞൊറി തെരുതെരെയവൾ  മാറ്റി.

 

തെറ്റെന്നു  മേലോട്ടു നോക്കി വിഭാതം,

തൊഴുതുനലമരുണനൊടു ഹൃദയനിനവോതി,

താഴേക്കു കൺനട്ടിനൻ  തലയാട്ടി,

തൊഴുകരമൊടതിനു  മറുപടിവിരവിലേകാൻ.

 

കാറ്റെത്തി കാഴ്ചയിൽ മോദിച്ചു നിന്നൂ,

കറുകറെ നിറമുദിരതതി  തനുവിലുമാക്കി,

കാർകൂന്തൽ കെട്ടാതെ  വേദിയിലെത്തി;

കരതലമനിലനുടെ കരിമുകിലിനെ മായ്ച്ചു.

 

താരും തരുക്കളും കൂട്ടായി നിന്നു,

തരണിയുഷയൊരുമയുടെയണിയിലവർ ചേർന്നു.

താരകം സംഭവം മുൻകൂട്ടിക്കണ്ടു,

തരമതു കരുതി  രവി വരുവതിനവർ പോയി.

 

എല്ലാം ശുഭം ദിനം ശോഭയിൽ നിൽപ്പു,

എവിടെയുമരിയദിനകരനു കയറിടാമേ.

ഭൂലോകമീവിധം  സ്വർഗ്ഗസമാനമാം,

ഭവനപതിഹരിയുടെ കരവിരുതു സുഭദ്രം.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!