ജീവിതന്നുറ്റബന്ധു!



        

          (കേക )


ആകാരഹീനമായും സാകാരമായുമേറെ,

ആകാശഭൂചാരികളങ്ങനെ നിൽപ്പൂ  പാരിൽ.

ആഭൂഷയില്ലാതെയുമാഭരണം ധരിച്ചും 

ആവോളം മേവുന്നുണ്ടേ ചരാചരവസ്തുക്കൾ.


ഒരു ശ്രേഷ്ഠന്റെ  കാര്യം ശ്രദ്ധയോടേ   പഠിക്കാം,

ശരീരമുണ്ടവനും   തെല്ലുമേകാണ്മാനില്ലാ.

മഹാ  ബൃഹത്തു തന്നേ  വലിപ്പമളന്നാലോ,

മഹിക്കെന്നും  വര്യൻറെയസ്തിത്വമനിവാര്യം.


ശാന്തനായ് മേവീടുന്നു  കാന്തതന്നധീനനായ്,

താന്തരോടു  കാരുണ്യം, തഴുകിസ്വാസ്ഥ്യമേകും.

താപത്തെയകറ്റുവാൻ  മുന്നിട്ടു നിൽക്കും മഹാൻ, 

താന്തോന്നി, നീതിമാന്മാ,രെന്നുള്ള   ഭേദമില്ലാ.


ജീവിതന്നുറ്റബന്ധു  പിരിയാ സുഹൃത്തായി 

 ജീവനുള്ള കാലങ്ങൾ കാവലായ്  നിലകൊള്ളും.

വെളിച്ചമേകും ദീപ്തി  സഹായം തേടീടുമ്പോൾ    

വിരവിൽ പുണർന്നീടാനണയും  സഹായിയായ്.


പൂവൊപ്പമുദ്യാനത്തിൽ  നെല്ലൊപ്പം പാടങ്ങളിൽ 

മാവിന്റെചില്ലയ്ക്കൊപ്പം  കേളിക്കായെത്തീടുന്നു.

സുഗന്ധപൂരിതനായനേകം നാസങ്ങൾക്കു 

സുഖം നൽകാൻ മിടുക്കൻ   ദുർഗന്ധവും വഹിക്കും.


നാളികേരക്കൂട്ടവും   കൈ നീട്ടി  കൈ കവരും,

പാലിക്കും  സൗഹൃദവും  മടുപ്പവൻ കാട്ടില്ലാ.

ആളുകൾക്കുണ്ടാസക്തി   തൊട്ടൊന്നു നോക്കീടുവാൻ,

നാളുകൾ ശ്രമിച്ചാലും കിട്ടില്ല സ്പർശിക്കുവാൻ .


സത്യത്തിലുണ്ടവനുമാതങ്കമധികമായ് 

മർത്യർ   ചേറുന്നു പങ്കമവൻറെ ഗാത്രത്തിലായ്.

അഴുക്കാൽ കുലീനൻറെയഴകു കിഴിക്കല്ലേ,

വഴിമുട്ടും   മനുജാ!  മാലിന്യം വിഷംതന്നെ. 


വെറുത്താലോ ഞെരിക്കും  കണ്ഠങ്ങൾ, ഹനിക്കുവാൻ, 

 മറിച്ചു  തൂത്തെറിയും മാരിക്കാറിനെപ്പോലും.

വിലസുന്നുണ്ടിവിടായ്  സർവ്വത്തിന്നും നാഥനായ് 

വരും പുഞ്ചിരി പേറി,   വിളിപ്പേരോ കാറ്റെന്നും.


























Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!